ആദ്യ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി ആദ്യബാച്ചുകാരന്‍, ഓര്‍മ്മകളുടെ കാമ്പസില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്

By Web Team  |  First Published Nov 2, 2024, 3:03 PM IST

കോളേജിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു ജേക്കബ് പുന്നൂസ് ഐ പി എസ്. ആറു പതിറ്റാണ്ട് നീണ്ട കോളജ് ചരിത്രത്തിലെ ആദ്യ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ അദ്ദേഹം പഴയ കാമ്പസ് ദിനങ്ങള്‍ ഓര്‍ത്തടുത്തു


തിരുവനന്തപുരം: അറുപത് വര്‍ഷം മുമ്പ് ആരംഭിച്ച കോളജ് കാമ്പസിന്റെ ആദ്യ നാളുകള്‍. കോളജിലെ ആദ്യ ബസ് സര്‍വീസ്. അതിന്റെ കന്നിയാത്ര. കോളജില്‍ സ്ഥാപിച്ച ആദ്യ തപാല്‍പെട്ടി. ആദ്യമായി വീട്ടിലേക്ക് എഴുതിയ കത്ത് ആ പെട്ടിയിലിട്ടത്...പറയാന്‍ ഏറെയുണ്ടായിരുന്നു മുന്‍ ഡി ജിപി ജേക്കബ് പുന്നൂസിന്. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായി നടന്ന ബിരുദദാന ചടങ്ങ് അദ്ദേഹത്തിന് കാമ്പസ് ഓര്‍മ്മകളിലേക്കുള്ള തിരിച്ചുപോക്ക് കൂടിയായിരുന്നു. 

കോളേജിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു ജേക്കബ് പുന്നൂസ് ഐ പി എസ്. ആറു പതിറ്റാണ്ട് നീണ്ട കോളജ് ചരിത്രത്തിലെ ആദ്യ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ അദ്ദേഹം പഴയ കാമ്പസ് ദിനങ്ങള്‍ ഓര്‍ത്തടുത്തു. കോളേജിന്റെ പല സംരംഭങ്ങളിലും തുടക്കം മുതല്‍ പങ്കാളിയാവാന്‍ സാധിച്ചതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. 

Latest Videos

വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് 'എക്‌സ് ലോറിയ-24' എന്ന പേരില്‍ ബിരുദദാന ചടങ്ങ് നടന്നത്. 2024 അധ്യയന വര്‍ഷത്തില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ 146 ബിരുദ - ബിരുദാനന്തര വിദ്യാര്‍ത്ഥികളെ  ചടങ്ങില്‍ ആദരിച്ചു. മാനേജര്‍ ഡോ. ഫാ. സണ്ണി ജോസ് എസ് ജെ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ നിഷ റാണി ഡി സ്വാഗത പ്രഭാഷണം നടത്തി. ഇംഗ്ലീഷ് ആന്‍ഡ് മീഡിയ സ്റ്റഡീസില്‍  ഒന്നാം റാങ്കുനേടിയ വര്‍ണ എസ് സംസാരിച്ചു. 

കോളേജ് ബര്‍സാര്‍ ഡോ. ഫാ ബിജു ജോയ് എസ് ജെ, വൈസ് പ്രിന്‍സിപ്പല്‍മാരായ രശ്മി പൗലോസ്, ലെഫ്റ്റനന്റ് രാജേഷ് മാര്‍ട്ടിന്‍, പി ടി എ പ്രസിഡന്റ് സുനില്‍ ജോണ്‍ എസ്, കോഡിനേറ്റര്‍ ഡോ. ദിവ്യ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. 

click me!