ഫോണിലൂടെയാണ് വിനീഷും ഇടപാടുകാരും തമ്മിലുള്ള ആശയവിനിമയം നടക്കുന്നത്. പറഞ്ഞുറപ്പിച്ച സ്ഥലത്ത് ഇരുകൂട്ടരുമെത്തും, പണം വാങ്ങി കുപ്പി കൈമാറും.
തൃശ്ശൂർ: സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന നടത്തുന്ന യുവാവ് എക്സൈസിന്‍റെ പിടിയിൽ. തൃശ്ശൂർ താലൂക്ക് മാടക്കത്തറ വില്ലേജ് ചെട്ടിക്കാട് ദേശത്ത് തറയിൽ വീട്ടിൽ വിനീഷ് ആണ് അറസ്റ്റിലായത്. കരുവാൻകാട് ദേശത്ത് വെച്ചാണ് 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായത്. ഇയാൾ മദ്യവിൽപ്പനക്ക് ഉപയോഗിച്ച ഹോണ്ട ആക്ടീവ സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.
പ്രദേശത്ത് 'മൗഗ്ലി വിനീഷ്' എന്നറിയപ്പെടുന്ന യുവാവിനെക്കുറിച്ച് കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ കെ.വിക്ക് ലഭിച്ച രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ കെഎം സജീവും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യവിൽപ്പന നടത്തുന്ന ഇയാളെ പിടികൂടുന്നത് ശ്രമകരമായിരുന്നുവെന്നും കരുവാൻകാട് ദേശത്ത് പ്രതി മദ്യം വിൽക്കുന്നതിനിടെയാണ് വളഞ്ഞ് പിടികൂടിയതെന്നും എക്സൈസ് വ്യക്തമാക്കി.
ഫോണിലൂടെയാണ് വിനീഷും ഇടപാടുകാരും തമ്മിലുള്ള ആശയവിനിമയം നടക്കുന്നത്. പറഞ്ഞുറപ്പിച്ച സ്ഥലത്ത് ഇരുകൂട്ടരുമെത്തും, പണം വാങ്ങി കുപ്പി കൈമാറും. ഇത്തരത്തിൽ ഇടപാടുകാരന് സ്കൂട്ടർ നിർത്തി മദ്യമടങ്ങിയ കുപ്പി കൊടുത്ത് പൈസ വാങ്ങുമ്പോഴാണ് വിനീഷിനെ എക്സൈസ് പിടികൂടിയത്. ഇയാളുടെ കൈയ്യിൽ നിന്നും 3000 രൂപയും കണ്ടെത്തിയിട്ടുണ്ട്. പണം മദ്യം വിറ്റ് കിട്ടിയതാണെന്ന് വിനീഷ് എക്സൈസിനോട് സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയിട്ടുള്ള പ്രതിയെ റിമാന്‍റ് ചെയ്തു. പരിശോധനയിയ അസി. എക്സൈസ് ഇൻസ്പക്ടർ എ.സി. ജോസഫ്, എക്സൈസ് ഉദ്യോഗസ്ഥരായ സുധീർ കുമാർ എം.എസ്, പരമേശ്വരൻ പി.രതീഷ്, ശരത്ത് കെ, അമിത കെ, ഡ്രൈവർ ശ്രീജിത്ത് വി.ബി എന്നിവരും പങ്കെടുത്തു.
Read More : വൈറ്റില കൃഷി ഓഫീസിലെ ഉദ്യോഗസ്ഥൻ, ഭൂമി തരംമാറ്റാൻ ചോദിച്ചത് 2000 രൂപ; പണം വാങ്ങാനെത്തിയപ്പോൾ പിടിയിൽ