മോഷണത്തിന് തടസ്സം നിൽക്കുന്നവരെ മാരകമായി ആക്രമിച്ച് രക്ഷപ്പെടുന്നതാണ് ചുമടുതാങ്ങി തിരുട്ടു സംഘത്തിന്റെ രീതി.
പത്തനംതിട്ട: ഒന്നര വർഷമായി മോഷണം ഹരമാക്കി നാട്ടിൽ ഭീതി വിതച്ച സംഘത്തെ പത്തനംതിട്ട പന്തളം പൊലീസ് പിടികൂടി. ചുമടുതാങ്ങി തിരുട്ടു സംഘം എന്നറിയപ്പെടുന്നവരിൽ മൂന്നു പേരാണ് പിടിയിലായത്. നീണ്ട ശ്രമത്തിന് ഒടുവിലാണ് ചുമടുതാങ്ങി തിരുട്ട് സംഘത്തിലെ പ്രധാന കണ്ണികൾ വലയിലായത്. കടമ്പനാട് കല്ലുകുഴി സ്വദേശി ബിജീഷ്, കൊല്ലം നെടിയവിള സ്വദേശി ആദിത്യൻ, പോരുവഴി സ്വദേശി നിഖിൽ എന്നിവരാണ് പിടിയിലായത്.
വാഹന മോഷണം ഉൾപ്പെടെ നിരവധി കേസുകൾ ഉണ്ടെങ്കിലും ഇതുവരെയും സംഘത്തിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പല തവണ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട ചരിത്രവും സംഘത്തിനുണ്ട്. മോഷണത്തിന് തടസ്സം നിൽക്കുന്നവരെ മാരകമായി ആക്രമിച്ച് രക്ഷപ്പെടുന്നതാണ് സംഘത്തിന്റെ രീതി. പരാതി നൽകുന്നവരുടെ വീടുകളിൽ അന്ന് തന്നെ രാത്രി കയറി മോഷണം നടത്തും.
ഡിസംബർ നാലിന് രാത്രി കുരമ്പാല സ്വദേശിയുടെ വീട്ടിൽ നിന്ന് സ്കൂട്ടറും റബ്ബർ ഷീറ്റുകളും സംഘം മോഷ്ടിച്ചിരുന്നു. അന്ന് തന്നെ കേസ് എടുത്ത് പന്തളം പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച വാഹനം കടമ്പനാട് എത്തിച്ചതായി പൊലീസിന് വ്യക്തമായി. കേസിലെ മൂന്നാം പ്രതിയായ നിഖിലിനെയാണ് ആദ്യം പിടികൂടിയത്. തുടർന്ന് നടത്തിയ ചടുലമായ നീക്കത്തിലൂടെയാണ് മറ്റ് രണ്ട് പേരും കസ്റ്റഡിയിലായത്. കടമ്പനാട് കല്ലുകുഴിക്ക് സമീപം ചുമടുതാങ്ങി മേഖലയിൽ ഏറെക്കാലം സംഘം ഭീതി വിതച്ചിരുന്നു. അങ്ങനെയാണ് നാട്ടുകാർ ഇവർക്ക് ചുമടുതാങ്ങി തിരുട്ടു സംഘം എന്ന് പേരു നൽകിയത്.