ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കന്യാകുമാരി സ്വദേശി അമൽരാജ് എന്ന മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട കേസിലെ മൂന്നു പ്രതികളും കുറ്റക്കാരെന്നു കോടതി
കൊച്ചി: ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കന്യാകുമാരി സ്വദേശി അമൽരാജ് എന്ന മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട കേസിലെ മൂന്നു പ്രതികളും കുറ്റക്കാരെന്നു കോടതി. 26 മെയ് 2014ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികൾക്ക് കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു.
കൂടാതെ തെളിവ് നശിപ്പിച്ചതിന് ഒരുവർഷം വീതം തടവും അൻപതിനായിരം രൂപ വീതം പിഴയും മൊബൈൽ മോഷ്ടിച്ചതിനു മൂന്ന് മാസം വീതം തടവും പതിനായിരം രൂപവീതം പിഴയും ശിക്ഷ വിധിച്ചു. എറണാകുളം ആറാം ജില്ല അഡിഷണൽ സെഷൻസ് ജഡ്ജ് സി.കെ മധുസൂദനൻ ആണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.
ഹിൽ പാലസ് സി ഐ ആയിരുന്ന സി.കെ. ഉത്തമൻ, സൗത്ത് റെയിൽവേ പൊലീസ് സി.ഐ. മാരായിരുന്ന എസ്. ജയകൃഷ്ണൻ, ജി.ജോൺസൺ, വി .റോയ് എന്നിവരാണ് കേസന്വേഷണം നടത്തിയത്. തുടർന്ന്, വി.റോയ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.ടി.ജസ്റ്റിൻ, അഡ്വ. കെ. ജ്യോതി എന്നിവർ ഹാജരായി.
കൊല്ലപ്പെട്ട അമൽരാജും പ്രതികളും കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ്. ഈ നാല് പേരും വൈപ്പിൻ മുനമ്പത്തുള്ള സൗമ്യ ബോട്ടിലെ തൊഴിലാളികൾ ആയിരുന്നു. സംഭവദിവസം രാവിലെ ബോട്ട് ഉടമ നാലുപേരെയും ജോലിയിൽ നിന്നും പറഞ്ഞുവിട്ടിരുന്നു. അന്നേദിവസം വൈകിട്ട് ആലുവയിൽ എത്തിയ ഇവർ അവിടെ ഒരു ബാറിൽ കയറി മദ്യപിച്ച ശേഷം രാത്രി 10.50 ന് ആലുവ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ഗുരുവായൂർ
undefined
ചെന്നൈ എഗ്മോർ ട്രെയിനിൽ കയറുകയായിരുന്നു. ടോയ്‌ലറ്റിന്റെ ഇടനാഴിയിൽ സഞ്ചരിച്ചിരുന്ന ഇവർ കൊല്ലപ്പെട്ട അമൽ രാജുമായി അയാൾ കാരണമാണ് ജോലി നഷ്ടപെട്ടത് എന്നുപറഞ്ഞു ട്രെയിനിൽ വച്ച് തർക്കം ഉണ്ടാവുകയും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെട്ട ശേഷം പ്രതികൾ അമൽ രാജിന്റെ തല ട്രെയിനിന്റെ ഡോറിൽ ശക്തമായി ഇടിപ്പിക്കുകയും, ബോധരഹിതനായ അമൽരാജ് മരണപ്പെട്ടു എന്ന് തോന്നിയ പ്രതികൾ, ഒരു കത്തികൊണ്ട് അമൽ രാജിന്റെ വലതുകൈ മസിൽ ഭാഗത്ത് മുറിവുണ്ടാക്കി മരണം ഉറപ്പുവരുത്തിയ ശേഷം ട്രെയിൻ കായലിനുമുകളിലൂടെ പാലത്തിൽ സഞ്ചരിക്കവേ അമൽ രാജിന്റെ ശരീരം കായലിലേക്ക് തള്ളുകയായിരുന്നു.
Read more: കരുവാറ്റയിൽ തുഴച്ചിൽക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
2014 മെയ് 15ന് ചമ്പക്കര കായലിൽ കാണപ്പെട്ട അജ്ഞാത മൃതദേഹതിന്റെ പോസ്റ്റ്മോർട്ടത്തെ തുടർന്ന് അത് ഒരു കൊലപാതകമാണ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേയാണ് കൊല്ലപ്പെട്ട അമൽരാജന്റെ ജേഷ്ഠൻ മുനമ്പം പൊലീസ് സ്റ്റേഷനിൽ മാൻ മിസ്സിംഗ് പരാതി നൽകുന്നത്. തുടർന്നാണ് ഹിൽപാലസ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മൃതദേഹം കൊല്ലപ്പെട്ട അമൽരാജിന്റെതാണ് എന്ന് ഡി.എൻ.എ പരിശോധനവഴി ആണ് കണ്ടെത്തുന്നത്.
കൊല്ലപ്പെട്ട അമൽ രാജന്റെ സഹപ്രവർത്തകരായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുൾ അഴിയുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനാണ് സംഭവസ്ഥലം എന്നുള്ളതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് റെയിൽവേ പോലീസ് ആണ് തുടർന്നുള്ള അന്വേഷണം നടത്തിയത്. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകളും, ഡിജിറ്റൽ തെളിവുകളും പരിഗണിച്ചാണ് പ്രതികളെ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം