തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് 2 പേര്‍ മരിച്ച സംഭവം: അപകട മരണമല്ലെന്ന് പൊലീസ്, ആത്മഹത്യയെന്ന് നിഗമനം

By Web Team  |  First Published Jul 26, 2024, 3:22 PM IST

മകനുമായി രാജു തോമസും ഭാര്യയും തർക്കത്തിലായിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ഡിവൈഎസ്‌പി വ്യക്തമാക്കിയത്


പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. തിരുവല്ല വേങ്ങലിൽ പാടത്തോട് ചേര്‍ന്ന ഒറ്റപ്പെട്ട റോഡിലാണ് തീപിടിച്ച കാർ കണ്ടെത്തിയത്. തുകലശ്ശേരി സ്വദേശികളായ രാജു തോമസ്(69), ഭാര്യ ലൈജി തോമസ്(63) എന്നിവരാണ് മരിച്ചത്. ഇവര്‍ കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കാറിനുള്ളിൽ നിന്നു തന്നെയാണ് തീ പടർന്നതെന്നാണ് പോലീസ് പറയുന്നത്. ആളൊഴിഞ്ഞ പ്രദേശത്തേക്ക് ദമ്പതികൾ എന്തിനെത്തി എന്നതിൽ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. പിന്നീട് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇവർ ജീവനൊടുക്കിയതാവാനാണ് സാധ്യതയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. മകനുമായി രാജു തോമസും ഭാര്യയും തർക്കത്തിലായിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ഡിവൈഎസ്‌പി വ്യക്തമാക്കിയത്. മകൻ്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ, മദ്യപാന ശീലം, വീട് ജപ്തിയായത് തുടങ്ങിയ പ്രശ്നങ്ങളാണ് ദമ്പതികളെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കളും പറയുന്നു.

Latest Videos

ഇന്ന് ഉച്ചയോടെ വേങ്ങലിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് കാറിന് തീപിടിച്ചത് കണ്ടത്. പിന്നാലെ വിവരം ഫയർ ഫോഴ്സിനെ അറിയിച്ചു. ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു. ഈ സമയത്താണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തിയത്. കാറിൻ്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യ ലൈജിയുമാണെന്ന് തിരിച്ചറിഞ്ഞത്.

(ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056.)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!