ചേങ്ങിലയില്‍ കോലം ഘടിപ്പിച്ച് മുന്നില്‍ കുത്തുവിളക്കുവച്ച് തൃക്കോല്‍ ശാന്തി രതീഷ് എമ്പ്രാന്തിരിയാണ് ഓടം തുഴഞ്ഞത്
തൃശൂര്‍: പടിഞ്ഞാറെ കരയിലെ ഗ്രാമപ്രദക്ഷിണം കഴിഞ്ഞ് തൃപ്രയാര്‍ തേവര്‍ കിഴക്കെ കരയിലെ ഗ്രാമപ്രദക്ഷിണത്തിന് എഴുന്നള്ളി. രാവിലെയാണ് പുത്തന്‍കുളത്തില്‍ ആറാട്ടിനും സമൂഹ മഠത്തില്‍ പറയ്ക്കുമായി പുറപ്പെട്ടത്. വൈകിട്ട് തേവര്‍ പള്ളിയോടത്തില്‍ പുഴ കടന്ന് കിഴക്കേ നടക്കല്‍ പൂരത്തിനും ക്ഷേത്രം ഊരായ്മക്കാരായ ചേലൂര്‍, പുന്നപ്പുള്ളി, ജ്ഞാനപ്പിള്ളി മനകളില്‍ പറകള്‍ക്കും കുട്ടന്‍കുളത്തില്‍ ആറാട്ടിനമായി എഴുന്നള്ളി. ചേങ്ങിലയില്‍ കോലം ഘടിപ്പിച്ച് മുന്നില്‍ കുത്തുവിളക്കുവച്ച് തൃക്കോല്‍ ശാന്തി രതീഷ് എമ്പ്രാന്തിരിയാണ് ഓടം തുഴഞ്ഞത്. കുടശാന്തിയാണ് കോലം പിടിച്ചത്. ഇരുകരകളിലും മാരാന്മാര്‍ ശംഖനാദങ്ങള്‍ മാറിമാറി മുഴക്കുകയും ചെയ്തു.
കിഴക്കെ നടയില്‍ മണ്ഡപത്തില്‍ എഴുന്നള്ളിച്ച തേവര്‍ക്ക് ആമലത്തു തറവാട്ടുകാരുടെ ആദ്യപറ നിറച്ചു. കിഴക്കെ കരയില്‍ ആനകളുടെ അകമ്പടിയോടും പഞ്ചവാദ്യത്തോടുംകൂടി നാട്ടുകാര്‍ തേവരെ സ്വീകരിച്ചു. കോങ്ങാട് മധുവാണ് പഞ്ചവാദ്യത്തിന് പ്രാമാണികത്വം വഹിച്ചത്. കിഴക്കെ നട പുരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചവാദ്യ കലാകാരന്മാരായ കോങ്ങാട് മധു, പെരുവനം ഹരിദാസ്, കുമരപുരം വിനോദ്, കുമ്മത്ത് നന്ദനന്‍, മഠത്തിലാത്ത് ഉണ്ണിനായര്‍ എന്നിവരെ ആവണങ്ങാട്ട് കളരിയിലെ അഡ്വ. എ.യു. രഘുരാമ പണിക്കര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് തേവര്‍ ഊരായ്മക്കാരുടെ ഇല്ലങ്ങളില്‍ പൂരങ്ങള്‍ക്ക് എഴുന്നള്ളി. കുന്നത്ത് മനയ്ക്കല്‍ പറ സ്വീകരിച്ച് കുട്ടന്‍ കുളത്തില്‍ ആറാട്ടും നടത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം