വീടിന്‍റെ ഗേറ്റ്, ഒട്ടുപാൽ, വാഴക്കുല, കുളത്തിലെ മീൻ, കിണറ്റിലെ മോട്ടോർ... മണ്ണാർക്കാട് മോഷണ പരമ്പര

By Web Team  |  First Published Jul 23, 2024, 9:15 AM IST

ആളില്ലാത്ത വീടുകൾ മനസിലാക്കി ആസൂത്രിതമായാണ് കള്ളൻറെ സഞ്ചാരം. നാട്ടുകാരുടെ നേതൃത്വത്തിൽ കള്ളനെ പിടിക്കാനുള്ള കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്


പാലക്കാട്: മണ്ണാ൪ക്കാട് തെങ്കരയിൽ മോഷണം പതിവാകുന്നു. വീടിൻറെ ഗേറ്റ് മുതൽ റബ്ബറിൻറെ ഒട്ടുപാൽ വരെയാണ് മോഷണം പോകുന്നത്. ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് കള്ളൻമാ൪ വിലസുന്നത്. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാ൪.

റബർ ഷീറ്റ്, ഒട്ടുപാൽ, വാഴക്കുല, കുളത്തിലെ മീൻ, കിണറ്റിലെ മോട്ടോർ, വീടുകളുടെ ഗേറ്റ്- കഴിഞ്ഞ ഒരാഴ്ചക്കിടെ തെങ്കര തത്തേങ്ങലത്ത് ഭാഗത്തെ വീടുകളിൽ നിന്ന് മോഷണം പോയ സാധനങ്ങളാണിവ. വഴിപ്പറമ്പൻ ബഷീറിന്‍റെ ഫാമിലെ കിണറ്റിൽ വച്ചിരുന്ന മോട്ടോറാണ് ആദ്യം കള്ളൻ കൊണ്ടുപോയത്. പിന്നെ ഇടവിട്ട ദിവസങ്ങളിലും അടുത്തടുത്ത ദിവസങ്ങളിലുമായി പലയിടങ്ങളിലും കള്ളനെത്തി. കൈപ്പങ്ങാണി സുബിയുടെ വീടിന്റെ ഗേറ്റും കുറ്റിപ്പുറം സ്വദേശികളുടെ തോട്ടത്തിന്റെ ഗേറ്റുകളും മോഷണം പോയത് ഒരേ ദിവസം. എടക്കുടി രവിയുടെ കുളത്തിൽ വളർത്തിയിരുന്ന മീനുകളെയും മോഷ്ടിച്ചു. ഡോ ഹാരിസ്, ജയൻ തൃക്കംപറ്റ എന്നിവരുടെ തോട്ടങ്ങളിലെ ഒട്ടുപാലും വഴിപ്പറമ്പൻ ഷൗക്കത്തിന്റെ റബർ ഷീറ്റും കള്ളൻ കൊണ്ടുപോയത് ഒരു ദിവസം തന്നെ. പ്രദേശത്തുകാരെ നന്നായി അറിയുന്നവരാണ് മോഷ്‌ടാക്കളെന്നാണ് നാട്ടുകാർ പറയുന്നത്.

Latest Videos

undefined

ഓരോ മോഷണത്തിനു ശേഷവും പൊലീസിൽ പരാതി നൽകും. പക്ഷെ നടപടിയൊന്നുമുണ്ടായില്ല. അതോടെ അടുത്ത ദിവസം വീണ്ടും മറ്റൊരിടത്ത് മോഷണം നടക്കുന്നു. ആളില്ലാത്ത വീടുകൾ മനസിലാക്കി ആസൂത്രിതമായാണ് കള്ളൻറെ സഞ്ചാരം. നാട്ടുകാരുടെ നേതൃത്വത്തിൽ കള്ളനെ പിടിക്കാനുള്ള കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. കള്ളനെ കണ്ടെത്താൻ പൊലീസും നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
എംവിഡിയുടെ പേരിൽ സന്ദേശം, ചെലാന്‍ നമ്പറും വാഹന നമ്പറുമുണ്ട്; ക്ലിക്ക് ചെയ്ത ബാങ്കുദ്യോഗസ്ഥയുടെ അരലക്ഷം പോയി

tags
click me!