വ്യാജ നമ്പറിലുള്ള സ്‌കൂട്ടറിൽ കറങ്ങി പട്ടാപ്പകൽ മോഷണം: യുവാവ് പിടിയിൽ
മലപ്പുറം: വ്യാജ നമ്പറിലുള്ള സ്‌കൂട്ടറിൽ കറങ്ങി പട്ടാപ്പകൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. വേങ്ങര കണ്ണമംഗലം സ്വദേശി ചാക്കീരി മുഹമ്മദ് സ്വാലിഹിനെ (37) ആണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്ത്. മേലേ ചേളാരിയിലെ സ്വകാര്യ ആശുപത്രിയുടെ നിർമാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിൽനിന്ന് പണിക്കാരൻ എന്ന വ്യാജേന രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ചെമ്പുകമ്പി അടക്കമുള്ള വയറിങ്, പ്ലബിങ് സാധനങ്ങൾ പട്ടാപ്പകൽ ചാക്കിലാക്കി കടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.
ഒക്ടോബർ 23ന് പകൽ 12 ഓടെയായിരുന്നു മോഷണം. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തേഞ്ഞിപ്പലം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ കോഴിക്കോടുനിന്ന് പിടികൂടുകയായിരുന്നു. തിരൂർ പൂങ്ങോട്ടുകുളത്തെ സ്വകാര്യ ആശുപത്രി വളപ്പിൽ നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷ്ടിച്ചതും ഇയാൾ തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. മുമ്പും കേസിൽപ്പെട്ട പ്രതിക്കെതിരെ മറ്റ് പല പൊലീസ് സ്റ്റേഷൻ പരിധികളിൽനിന്നും പരാതി ഉയർന്നിട്ടുണ്ട്.