ട്രാക്ക് മുറിച്ചു കടക്കാൻ അഭ്യാസം, ട്രെയിനിൽ വലിഞ്ഞുകയറി വിദ്യാർത്ഥികളുടെ സാഹസം; അടച്ചിട്ട നടപ്പാലം തുറന്നില്ല

By Web Team  |  First Published Jan 13, 2024, 7:41 PM IST

നടപ്പാലം അടച്ചിട്ടിരിക്കുന്നതിനാൽ ചിന്നക്കട വഴിയോ കടപ്പാക്കട–ചെമ്മാൻമുക്ക് വഴിയോ യാത്ര ചെയ്യേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ


കൊല്ലം: അറ്റകുറ്റപ്പണിക്കായി അടച്ചിട്ട കൊല്ലം കർബല റെയിൽവേ നടപ്പാലം ആറര മാസമായിട്ടും തുറക്കാത്തതിനാൽ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിൽ. നിർത്തിയിട്ട ട്രെയിനിലുടെ കയറിയിറങ്ങിയും ജീവൻ പണയം വച്ചുമാണ് വിദ്യാർത്ഥികൾ ട്രാക്ക് മുറിച്ചു കടക്കുന്നത്. പരാതികളേറെ നൽകിയിട്ടും പാലം എന്ന് തുറന്നു നൽകുമെന്ന യാതൊരു ഉറപ്പും റെയിൽവേക്കില്ല. എസ്.എൻ. കോളേജിലേക്കും ഫാത്തിമാ മാതാ കോളേജിലേക്കും മറ്റു സ്കൂളുകളിലേക്കും പോകുന്ന വിദ്യാര്‍ത്ഥികളാണ് ട്രാക്ക് മുറിച്ചു കടക്കാന്‍ അഭ്യാസ പ്രകടനം നടത്തേണ്ടിവരുന്നത്. ബലക്ഷയം കാരണം അറ്റകുറ്റപ്പണിക്കായി നടപ്പാലം അടച്ചതോടെയാണ് ഈ ദുരിതം. ബസ് സ്റ്റോപ്പിലെത്താനാണിവര്‍ക്ക് ട്രാക്കിലൂടെ പോകേണ്ട അവസ്ഥ. ട്രാക്കില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടുണ്ടെങ്കില്‍ അതില്‍ സാഹസികമായി പിടിച്ചു കയറി വേണം അപ്പുറത്തെത്താന്‍. ട്രെയിനിന്‍റെ ഉള്ളിലൂടെ കയറിയിറങ്ങിയും ട്രാക്കിലൂടെ നടന്നു നീങ്ങിയുമെല്ലാമാണിപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പിലെത്തുന്നത്.

ജീവന്‍ പണയം വെച്ചാണ് വിദ്യാര്‍ത്ഥികള്‍ ട്രാക്ക് മുറിച്ച് കടക്കുന്നത്. പലപ്പോഴും തരനാരിഴയ്ക്കാണ് അപകടം വഴിമാറുന്നത്. ട്രാക്കിലൂടെ പോകുമ്പോള്‍ പലരുടെയും കാലുകള്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവാണ്.മുമ്പായിരുന്നെങ്കില്‍ മേല്‍പ്പാലം വഴി പോകാമായിരുന്നുവെന്നും ഇപ്പോ ഭയങ്കര ബുദ്ധിമുട്ടാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ട്രെയിന്‍ വരാറുണ്ടെന്നും അപ്പോള്‍ അതിന്‍റെ ഉള്ളില്‍ കയറി വേണം അപ്പുറത്ത് എത്താനെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.  റെയിൽവേ സ്റ്റേഷൻ– ചെമ്മാൻമുക്ക് റോഡിനെയും കൊല്ലം–ചെങ്കോട്ട റോഡിനെയും ബന്ധിപ്പിച്ചു കർബല ജംക്‌ഷനിൽ നിന്ന് തുടങ്ങി ആഞ്ഞിലിമൂട് അവസാനിക്കുന്നതാണ് പാലം. നടപ്പാലം അടച്ചിട്ടിരിക്കുന്നതിനാൽ ചിന്നക്കട വഴിയോ കടപ്പാക്കട–ചെമ്മാൻമുക്ക് വഴിയോ യാത്ര ചെയ്യേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ. ഇത്രയും ദൂരം ചുറ്റിപോയാല്‍ സമയത്ത് എത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.മറ്റു വഴികളില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ഈ റിസ്ക് എടുത്തുകൊണ്ടുള്ള യാത്ര തുടരുകയാണ്.

Latest Videos

നരേന്ദ്ര മോദിയുടെ വരവിനായി ഗുരുവായൂരിൽ ഒരുക്കങ്ങൾ തകൃതി; നിയന്ത്രണങ്ങൾ ഇങ്ങനെ, സുരക്ഷാ അവലോകന യോഗം നാളെ

 

click me!