തുടര്‍ച്ചായുണ്ടായ പ്രളയങ്ങളെയും കൊവിഡ് ഒന്നാം തരംഗത്തെയും രണ്ടാം തരംഗത്തെയും അതിജീവിച്ച ജില്ലയിലെ ഹോട്ടല്‍ റസ്‌റ്റോറന്റ് വ്യവസായം കൊവിഡ് മൂന്നാം തരംഗം കാരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇടുക്കി: കൊവിഡിന്റെ മൂന്നാം തരംഗ (Covid Third Wave) വ്യാപനത്തില്‍ ആശങ്കയോടെ ജില്ലയിലെ ഹോട്ടല്‍ വ്യവസായം (Hotel Industry). കൊവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് ഹോട്ടലുകളെ ഒഴിവാക്കെണമെന്നും ഹോട്ടല്‍ വ്യവസായത്തെ ആശ്രയിച്ച് കഴിയുന്നവരുടെ ക്ഷേമത്തിനായി സാമ്പത്തിക പാക്കേജുകള്‍ ഏര്‍പ്പെടുത്തണമെന്നും ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചായുണ്ടായ പ്രളയങ്ങളെയും കൊവിഡ് ഒന്നാം തരംഗത്തെയും രണ്ടാം തരംഗത്തെയും അതിജീവിച്ച ജില്ലയിലെ ഹോട്ടല്‍ റസ്‌റ്റോറന്റ് വ്യവസായം കൊവിഡ് മൂന്നാം തരംഗം കാരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
മൂന്നാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഒരു അടച്ചിടലിനെ കൂടി അതീജീവിക്കാനാവില്ലന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഹോട്ടലുകളില്‍ ഇരുത്തിയുള്ള ഭക്ഷണവിതരണം 50 ശതമാനം സീറ്റുകളില്‍ കൃത്യമായി സാമൂഹ്യകലം പാലിച്ചു മാത്രമേ നടത്താന്‍ പാടുള്ളുവെന്നാണ് നിര്‍ദ്ദേശം. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടുന്ന സാഹചര്യത്തില്‍ ഹോട്ടലുകളെ ഒഴിവാക്കെണമെന്നും ഹോട്ടല്‍ വ്യവസായത്തെ ആശ്രയിച്ച് കഴിയുന്നവരുടെ ക്ഷേമത്തിനായി സാമ്പത്തിക പാക്കേജുകള്‍ ഏര്‍പ്പെടുത്തണമെന്നും പലിശ രഹിത മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്നുമാണ് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസ്സോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് പാല്‍ക്കോ ആവശ്യപ്പെട്ടു.
വിനോദ സഞ്ചാരികളെ ആശ്രയിച്ചാണ് ജില്ലയിലെ ഹോട്ടല്‍ വ്യവസായം പ്രധാനമായും മുന്നോട്ട് പോകുന്നത്. ചെറുകിട ഹോട്ടല്‍ വ്യവസായികള്‍ ഉള്‍പ്പടെ കൊവിഡ് വിതച്ച പ്രതിസന്ധിയില്‍ നിന്നും സാമ്പതിക ബുദ്ധിമുട്ടില്‍ നിന്നും ഒരുവിധം കര കയറി വരുന്നതേയുള്ളു. കൊവിഡ് മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ വീണ്ടും ഒരു അടച്ചിടല്‍ ഏര്‍പ്പെടുത്തിയാല്‍ അത് ജില്ലയിലെ ഹോട്ടല്‍ വ്യവസായം പാടെ തകര്‍ക്കുകയും ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്യും.