വെള്ളായണിക്കാരുടെ ദുരിതം തീരുന്നു; പുതിയ പാലം നിർമിക്കാൻ ടെൻഡറിന് മന്ത്രിസഭയുടെ അനുമതിയായി

By Web Team  |  First Published Nov 16, 2023, 12:38 AM IST

കിരീടം പാലത്തിന് സമീപം സിനിമ ടൂറിസം പദ്ധതി നടപ്പാക്കാൻ ടൂറിസം വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. പാലവും  ടൂറിസം പദ്ധതികളും പൂർത്തിയാകുന്നതോടെ വെള്ളായണിയുടെ മുഖച്ഛായ മാറുമെന്നും മന്ത്രി പറഞ്ഞു.


തിരുവനന്തപുരം: വെള്ളായണിയിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള ടെൻഡറിന് മന്ത്രിസഭായോഗം അനുമതി നൽകി. 28.6 കോടി രൂപ ചെലവഴിച്ചാണ് പൂങ്കുളം-കാക്കാമൂല റോഡിനെ ബന്ധിപ്പിച്ചാണ് പുതിയ പാലം നിർമിക്കുക. ടെൻഡർ നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ ക്വോട്ട് ചെയ്ത സാഹചര്യത്തിൽ ആണ് പദ്ധതി അനുമതി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നത്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിക്കുന്നത്.

പൊതുമരാമത്ത് ടൂറിസം  വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് വെള്ളായണി സന്ദർശിച്ചപ്പോൾ പാലം പണി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് പദ്ധതി മന്ത്രിസഭ യോഗത്തിൻ്റെ പരിഗണനയ്ക്ക് എത്തിയത്. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവരും എം വിൻസന്റ് എം.എൽ.എയും പഞ്ചായത്ത് ഭരണാധികാരികളും പാലം നിർമ്മാണം സംബന്ധിച്ച് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

Latest Videos

പാലം പണി പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ ഏറെക്കാലമായുള്ള സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുക. നവകേരള സദസിന് മുന്നോടിയായി കോവളത്തിനുള്ള എൽഡിഎഫ് സർക്കാരിന്‍റെ സമ്മാനമാണ് തീരുമാനം എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം മേഖലക്ക് ഉൾപ്പെടെ ഈ പദ്ധതി ഗുണകരമാകും. കിരീടം പാലത്തിന് സമീപം സിനിമ ടൂറിസം പദ്ധതി നടപ്പാക്കാൻ ടൂറിസം വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. പാലവും  ടൂറിസം പദ്ധതികളും പൂർത്തിയാകുന്നതോടെ വെള്ളായണിയുടെ മുഖച്ഛായ മാറുമെന്നും മന്ത്രി പറഞ്ഞു.

Read More :  ശശി തരൂരിനെ പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി

click me!