പത്തനംതിട്ടയിൽ മോഷണ കേസിൽ കീഴ് ശാന്തിക്കാരനെ ആളു മാറി പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം വിവാദത്തിൽ. കീഴ് ശാന്തിയെ കൊണ്ടുപോയതോടെ ക്ഷേത്രത്തിലെ പൂജകള്‍ വൈകിയെന്ന് ആരോപണം.
പത്തനംതിട്ട: പത്തനംതിട്ടയിൽ മോഷണ കേസിൽ കീഴ് ശാന്തിക്കാരനെ ആളു മാറി പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം വിവാദത്തിൽ. പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ് ശാന്തിയായ വിഷ്ണുവിനെയാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലം ഇരവിപുരം പൊലീസാണ് വിഷ്ണുവിനെ പിടികൂടിയത്. ഇരവിപുരത്തെ ഒരു ക്ഷേത്ര മോഷണ കേസുമായി ബന്ധപ്പെട്ടായിരുന്നു വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്.
എന്നാൽ, ആളുമാറിയാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമായതോടെ വിട്ടയക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ബുധനാഴ്ചയാണ് വിട്ടയച്ചത്. കീഴ് ശാന്തിയെ കൊണ്ടുപോയതോടെ ക്ഷേത്രത്തിലെ പൂജകള്‍ വൈകിയെന്ന് മുരിങ്ങമംഗലം ക്ഷേത്ര ഭാരവാഹികള്‍ ആരോപിച്ചു. സംഭവത്തിൽ പൊലീസിനെതിരെ പ്രതിഷേധവും ഉയര്‍ന്നു.
undefined
ദീപാരാധന കഴിഞ്ഞശേഷമാണ് പൊലീസ് എത്തിയത്. ശീവേലി കഴിഞ്ഞിട്ട് വരാമെന്ന് പറഞ്ഞപ്പോള്‍ പെട്ടെന്ന് വരണമെന്നും വെരിഫിക്കേഷൻ ഉണ്ടെന്നും പറഞ്ഞ് കൂട്ടികൊണ്ടുപോയി. പിന്നീട് ഇരവിപുരം പൊലീസ് സ്റ്റേഷിലെ പൊലീസുകാര്‍ വന്നു. തന്‍റെ ഫോട്ടോയാണ് കാണിച്ചത്. മോഷണ കേസിൽ സംശയമുണ്ടെന്നാണ് പറഞ്ഞത്. ചോദ്യം ചെയ്യണമെന്ന് പറഞ്ഞാണ് കൂട്ടികൊണ്ടുപോയത്. അവിടത്തെ കമ്മിറ്റിക്കാരാണ് തന്‍റെ ഫോട്ടോ പൊലീസിന് കൊടുത്തത്. അവിടെ എത്തിയപ്പോഴാണ് താനല്ല പ്രതിയെന്നും വെറെ ആളാണെന്നും ഫോട്ടോ മാറിപ്പോയതാണെന്നും കമ്മിറ്റിക്കാര്‍ പറഞ്ഞതെന്നും വിഷ്ണു പറഞ്ഞു.
കൃത്യമായ പരിശോധന ഇല്ലാതെയുള്ള പൊലീസ് ഇടപെടൽ ക്ഷേത്ര ചടങ്ങുകൾക്ക് തടസ്സമായെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. പൊലീസ് നടപടിക്കെതിരെ പരാതി നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. എന്നാൽ, കേസന്വേഷണത്തിന്‍റെ സാധാരണ നടപടി മാത്രമാണിതെന്നും വീഴ്ച പറ്റിയിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചു.