ശബ്ദം കേട്ടാണ് ഉണർന്നതെന്നും വെളിച്ചം കണ്ട് വന്നു നോക്കിയപ്പോൾ സ്വിഫ്റ്റ് കാർ കത്തുന്നതാണ് കണ്ടതെന്നും ഗിരീഷ് പറഞ്ഞു
പാലക്കാട്: ആനക്കരയിൽ നിർത്തിയിട്ട കാറിന് തീയിട്ടു. ശ്രീകൃഷ്ണപുരം സ്വദേശിയായ അധ്യാപകൻ ഗിരീഷിന്‍റെ കാറാണ് കത്തിച്ചത്. ബന്ധുവിന്‍റെ വീടിന് മുന്നിൽ നി൪ത്തിയിട്ടതായിരുന്നു കാർ. സംഭവത്തിൽ പ്രദേശവാസിയായ ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
ശബ്ദം കേട്ടാണ് ഉണർന്നതെന്നും വെളിച്ചം കണ്ട് വന്നു നോക്കിയപ്പോൾ സ്വിഫ്റ്റ് കാർ കത്തുന്നതാണ് കണ്ടതെന്നും ഗിരീഷ് പറഞ്ഞു. തുടർന്ന് മോട്ടോർ അടിച്ച് നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. കാറിന്‍റെ മുൻഭാഗം കത്തിനശിച്ചിരുന്നു. രാത്രി 11.15നായിരുന്നു സംഭവം. ഉടനെ പൊലീസിനെ വിവരം അറിയിച്ചെന്ന് ഗിരീഷ് പറഞ്ഞു.
കാർ നിർത്തിയിട്ട വീടിന് മുന്നിൽ ജിതേഷ് എന്ന യുവാവും നാട്ടുകാരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. മദ്യപിച്ചെത്തിയ യുവാവ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു ബൈക്ക് തള്ളിയിട്ടു. ഇതിനെ ചൊല്ലിയായിരുന്നു തർക്കം. ഇതിന്‍റെ തുടർച്ചയായാണ് ജിതേഷ് കാർ കത്തിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇയാളെ ചോദ്യംചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.