
പത്തനംതിട്ട: പെട്രോൾ പമ്പിൽ ശുചുമുറിയുടെ താക്കോൽ നൽകാത്തതിന് ഉടമക്കെതിരെ 165000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തർക്കപരിഹാര കോടതി. ഏഴകുളം ഈരകത്ത് ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍. ജയകുമാരിയുടെ പരാതിയിലാണ് നടപടി. കോഴിക്കോട് പയ്യോളിയിലുളള തെനംകാലില്‍ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ ഹന്നയ്ക്കെതിരെയാണ് കമ്മീഷൻ ഉത്തരവിട്ടത്.
2024 മെയ് 8 നാണ് സംഭവം. പരാതിക്കാരി കാസര്‍കോട് നിന്ന് വരവെ രാത്രി 11 മണിക്ക് എതിര്‍കക്ഷിയുടെ പെട്രോള്‍ പമ്പില്‍ കയറി പെട്രോള്‍ അടിച്ച ശേഷം കാറില്‍ നിന്നും ഇറങ്ങി ശുചിമുറിയിൽ പോയി. എന്നാൽ ശുചിമുറി പൂട്ടിക്കിടക്കുകയായിരുന്നു. സ്റ്റാഫിനോട് താക്കോള്‍ ആവശ്യ പ്പെട്ടപ്പോള്‍ സ്റ്റാഫ് പരുഷമായി സംസാരിക്കുകയും താക്കോൽ മാനേജരുടെ കൈവശമാണെന്നും അദ്ദേഹം വീട്ടില്‍ പോയിരിക്കുകയാണെന്നും അറിയിച്ചു. അത്യാവശ്യം ബോധ്യപ്പെടുത്തിയിട്ടും ശുചിമുറി തുറന്നു കൊടുക്കാൻ തയ്യാറായില്ല. അധ്യാപിക ഉടനെതന്നെ പയ്യോളി സ്റ്റേഷനിലെ പൊലീസിനെ വിളിക്കുകയും പൊലീസ് സ്ഥലത്തെത്തി ബലമായി ടോയ്ലറ്റ് തുറന്ന് കൊടുക്കുകയും ചെയ്തു. തുടർന്നാണ് പരാതി നൽകിയത്.
ടോയ്ലറ്റ് ഉപയോഗുശുന്യമാണെന്ന് സ്റ്റാഫ് പറഞ്ഞെങ്കിലും പൊലീസ് തുറന്നപ്പോൾ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലായിരുന്നു. സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ അപമാനിക്കുകയും ടോയ്ലറ്റ് തുറന്നു നല്‍കാന്‍ തയ്യാറാകാതെ തന്റെ അവകാശം നിഷേധിക്കുകയും ചെയ്തതിനെതിരെയാണ് കമ്മീഷനില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
പെട്രോള്‍ പമ്പ് അനുവദിക്കുമ്പോള്‍ ടോയ്ലറ്റ് സൗകര്യങ്ങൾ ആവശ്യമാണെന്നിരിക്കെ അതൊന്നും ഇല്ലാതെയാണ് പെട്രോള്‍ പമ്പ് പ്രവര്‍ത്തിച്ചു വരുന്നതെന്ന് കമ്മീഷന്‍ വിലയിരുത്തി. അധ്യാപികയായ സ്ത്രീക്ക് രാത്രി 11 മണിക്കുണ്ടായ അനുഭവം മാനസികമായി ഒരുപാട് ബുദ്ധിമുട്ടുണ്ടായതിന്റെ അടിസ്ഥാനത്തില്‍ 1,50,000 രൂപ പമ്പ് ഉടമ നഷ്ടപരിഹാരം നല്‍കാനും കോടതി ചിലവിലേക്കായി 15,000 രൂപയും ചേര്‍ത്ത് 1.65,000 രൂപ പരാതിക്കാരിക്ക് നൽകണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam