നേരത്തെ തന്നെ എഴുപത് കഴിഞ്ഞവരില്‍ നിന്ന് ഏഴു രൂപയാണ് ചായ വില ഈടാക്കിയിരുന്നത്. അത് അഞ്ചു രൂപയായി കുറച്ചതോടൊപ്പം 75 തികഞ്ഞവര്‍ക്ക് വെറും രണ്ടു രൂപക്ക് ചായയും നല്‍കിയാണ് പഞ്ചായത്ത് ക്യാന്റീൻ വയോജന സൗഹൃദമാകുന്നത്.
മലപ്പുറം: വയോജനങ്ങള്‍ക്ക് വ്യത്യസ്ത പദ്ധതിയുമായി മലപ്പുറം വേങ്ങര പഞ്ചായത്ത്. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് പഞ്ചായത്ത് കന്റീനില്‍ നിന്ന് അഞ്ച് രൂപ കൊടുത്താൽ ചായ കിട്ടും. 75 വയസ്സ് കഴിഞ്ഞവരാണെങ്കില്‍ രണ്ട് രൂപ കൊടുത്താല്‍ മതി. കടുപ്പമുള്ള അവഗണന മാത്രം രുചിച്ചു ശീലിച്ച വയോജനങ്ങള്‍ക്ക് ഓണത്തിന് മുമ്പേ കിട്ടിയ ഓണസമ്മാനമായി ഈ തീരുമാനം.
വയോ സൗഹൃദ പദ്ധതിയുടെ ഭാഗമായാണ് വയോജനങ്ങള്‍ക്ക് ഏറെ ഇഷ്ട്ടപ്പെട്ട ചായ കുറഞ്ഞ വിലക്ക് നല്‍കുന്നത്. നേരത്തെ തന്നെ എഴുപത് കഴിഞ്ഞവരില്‍ നിന്ന് ഏഴു രൂപയാണ് ചായ വില ഈടാക്കിയിരുന്നത്. അത് അഞ്ചു രൂപയായി കുറച്ചതോടൊപ്പം 75 തികഞ്ഞവര്‍ക്ക് വെറും രണ്ടു രൂപക്ക് ചായയും നല്‍കിയാണ് പഞ്ചായത്ത് ക്യാന്റീൻ വയോജന സൗഹൃദമാകുന്നത്. വയോജന സൗഹൃദ കിയോസ്‌ക്ക് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
undefined
വേങ്ങര ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങള്‍ ദിവസവും കൂടുന്ന സായം പ്രഭ ഹോമിന് സമീപം തന്നെയാണ് കാന്റീന്‍ എന്നതുകൊണ്ട് ഇവിടെ എത്തുന്നവര്‍ക്ക് ഈ കുറഞ്ഞ വില ഏറെ ഗുണകരമാണെന്ന് സായം പ്രഭയിലെത്തുന്നവര്‍ തന്നെ പറയുന്നു. ഇരുനൂറോളം അംഗങ്ങളുണ്ട് സായം പ്രഭയില്‍. ദിവസവും അന്‍പതില്‍ പരം വയോജനങ്ങള്‍ ഇവിടെ സമയം ചിലവിടാനെത്തുന്നുണ്ട്. ഇവര്‍ക്ക് വായന, ഉല്ലാസം എന്നിവയ്ക്ക് പുറമെ അന്യമാവുന്ന വട്ടപ്പാട്ട്, കോല്‍ക്കളി പോലുള്ള കലകള്‍ പരിശീലനം നല്‍കി അവതരിപ്പിച്ച് വരുന്നുണ്ട്.
ഏതായാലും വേങ്ങരയിലെ വയോജനങ്ങളിപ്പോള്‍ ഏറെ പരിഗണന ലഭിക്കുന്നുവെന്ന സന്തോഷത്തിലാണ്. എല്ലാ വാര്‍ഡുകളിലും വയോ ക്ലബ്ബുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കവും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നു. രണ്ട് ലക്ഷം രൂപ ഇതിനായി ഇത്തവണ വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ പി.ഹസീന ഫസല്‍ പറഞ്ഞു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷനായ എ കെ സലീം ആണ് ചായ വില കുറയ്ക്കുക എന്ന ആശയത്തിനു പിന്നില്‍.
നഷ്ടം നികത്താന്‍ തന്റെ ഓണറേറിയത്തില്‍ നിന്ന് തുക നല്‍കാനാണ് സലീമിന്റെ തീരുമാനം. ഇരുനൂറിലേറെ അംഗങ്ങളുള്ള വേങ്ങര സായം പ്രഭാ ഹോം സംസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണ്. സായം പ്രഭാ ഹോമില്‍ 20 പേരെങ്കിലും ദിവസവുമെത്തും. വട്ടപ്പാട്ട് ടീം, കോളാമ്പിപ്പാട്ട് ടീം, കോല്‍ക്കളി ടീം എന്നിവയെല്ലാം സായം പ്രഭാ ഹോമിലെ മുതിര്‍ന്ന പൗരന്മാര്‍ ചേര്‍ന്നു രൂപീകരിച്ചിട്ടുണ്ട്.