രണ്ട് വർഷം മുമ്പ് നടന്ന വൻ കഞ്ചാവ് കടത്ത് കേസിലാണ് വിചാരണ പൂർത്തിയാക്കി കോടതി ഇന്ന് ശിക്ഷ വിധിച്ചത്.
കല്‍പ്പറ്റ: കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ചുമത്തി കോടതി. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ പാലക്കാട് പട്ടാമ്പി പരുതൂര്‍ പാക്കത്ത് അബ്ദുള്‍ നിസാര്‍ (41), തമിഴ്‌നാട് നീലഗിരി ഗൂഢല്ലൂർ ദേവര്‍ഷോല മാരക്കര ചെമ്പന്‍വീട്ടില്‍ ശിഹാബുദ്ദീന്‍ (49) എന്നിവരെയാണ് കല്‍പ്പറ്റ അഡ്‌ഹോക്ക് (രണ്ട്) കോടതി ജഡ്ജി വി. അനസ് ശിക്ഷിച്ചത്.
2022 ജൂണ്‍ മാസം 12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇരുവരും ചേര്‍ന്ന് TN-37-BP-3655 എന്ന മഹീന്ദ്ര പിക്ക് അപ് വാനില്‍ 155 കിലോഗ്രാം കഞ്ചാവ് ചില്ലറ വില്‍പ്പനക്കായി കടത്തി കൊണ്ടുവരികയായിരുന്നു. വില്‍പ്പന ലക്ഷ്യമിട്ട് കഞ്ചാവ് കടത്തിയെന്ന കുറ്റത്തിന് പതിനഞ്ച് വര്‍ഷം വീതം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവിനും എന്‍ഡിപിഎസ് ആക്റ്റ് സെക്ഷന്‍ 29 പ്രകാരം പത്ത് വര്‍ഷം വീതം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്.
സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. അനികുമാറും സംഘവുമാണ് പ്രതികളെ വലയിലാക്കിയത്. എക്‌സൈസ് ക്രൈം ബ്രാഞ്ച് (ഉത്തര മേഖല) കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ആര്‍.എന്‍ ബൈജുവാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ഇ.വി. ലിജീഷ്, എം.ജി. ശ്രദ്ധാധരന്‍ എന്നിവര്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം