ചുരം ഗതാഗത കുരുക്കിന് കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനങ്ങാപ്പാറ നയമാണെന്ന് ടി സിദ്ദിഖ്
കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ ടി സിദ്ദിഖ് നിവേദനം നല്‍കി. രാഹുൽ ഗാന്ധി എംപിക്കും നിവേദനം കൈമാറിയിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ മുമ്പിൽ പ്രസ്തുത വിഷയം ഉന്നയിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയെന്ന് എംഎല്‍എ പറഞ്ഞു.
ചുരം ഗതാഗത കുരുക്കിന് കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനങ്ങാപ്പാറ നയമാണെന്ന് ടി സിദ്ദിഖ് കുറ്റപ്പെടുത്തി. ജനപ്രതിനിധിയായ താൻ 14 തവണ ഗതാഗതക്കുരുക്കിൽപ്പെട്ടു. നിയമസഭക്കകത്തും പുറത്തും ശബ്ദിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ഉറക്കം നടിക്കുന്നു. താമരശ്ശേരി ചുരത്തിൽ അടിക്കടി ഉണ്ടാകുന്ന യാത്രാകുരുക്കിന് ശാശ്വത പരിഹാരമായി നേരത്തെ ആലോചിച്ച പദ്ധതിയായ ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ ബൈപാസും പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡും യാഥാർത്ഥ്യമാക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ഈ രണ്ട് പദ്ധതികളും നടപ്പിലാക്കുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് സിദ്ദിഖ് പറഞ്ഞു.
വയനാടിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പാതയാണ് താമരശ്ശേരി ചുരം. ദിവസേന ശരാശരി 20,000 മുതൽ 30,000 വരെ വാഹനങ്ങളാണ് ചുരം റോഡിലൂടെ കടന്നു പോകുന്നത് എന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിന്റെ തെക്ക് ഭാഗത്തു നിന്നും വയനാട്ടിലേക്ക് എത്തിപ്പെടാനുള്ള ഏകമാർഗ്ഗം കൂടിയാണ് താമരശ്ശേരി ചുരം പാത. പ്രകൃതി ഭംഗികൊണ്ടും കാലാവസ്ഥ കൊണ്ടും അനുഗ്രഹീതമായ വയനാട് ഇന്ന് ദക്ഷിണേന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര മേഖലയായി മാറിക്കഴിഞ്ഞിരിക്കുന്നു. അവധി ദിനങ്ങളിൽ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ പ്രവാഹം ഇരട്ടിയാവുന്നു.
എന്നാൽ വാഹന ബാഹുല്യത്തെ ഉൾക്കൊള്ളാനുള്ള ശേഷിയോ സംവിധാനങ്ങളോ താമരശ്ശേരി ചുരം പാതക്കില്ല. റോഡ് ഗതാഗത സൗകര്യങ്ങളുടെ ഈ അപര്യാപ്തത ഇവിടേക്കെത്തുന്ന സഞ്ചാരികളെയും മറ്റു യാത്രക്കാരെയും ഒരുപോലെ ദുരിതത്തിൽ ആക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. റെയിൽവേ സ്റ്റേഷൻ, കരിപ്പൂർ വിമാനത്താവളം, കോഴിക്കോട് മെഡിക്കൽ കോളേജ്, മറ്റ് പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ ഈ ചുരം പാതയാണ് വയനാട്ടുകാരുടെ ഏക ആശ്രയം.
കുരുക്ക് മുറുകി താമരശ്ശേരി ചുരം, യാത്രക്കാർ ഭക്ഷണവും വെള്ളവും കൈയിൽ കരുതണേ
ചുരത്തിലെ ഗതാഗതക്കുരുക്ക് മൂലം മണിക്കൂറുകളോളമാണ് ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സ്വഭാവമുള്ള അവശ്യ സർവീസുകൾ കുരുക്കിൽ തളക്കപ്പെടുന്നത്. ഇത്തരം സാഹചര്യത്തിൽ ചികിത്സ ലഭിക്കാതെ ജീവൻ നഷ്ടപ്പെട്ട സംഭവങ്ങൾ അനവധിയാണ്. ഇപ്പോഴും സമാന സാഹചര്യങ്ങൾ തന്നെയാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസം വയനാട് ചുരത്തിൽ ചരക്കു ലോറികൾ തകരാറിലായതിനെ തുടർന്ന് ഇതുവഴിയുള്ള യാത്രക്കാർ ഏറെ ദുരിതമാണ് നേരിട്ടത്. ചുരത്തിലെ എട്ടാം വളവിൽ അമിത ഭാരം കയറ്റി വന്ന മൾട്ടി ആക്സിൽ ലോറിക്ക് തകരാർ സംഭവിച്ചതാണ് ഗതാഗതകുരുക്കിന് കാരണമായത്. താനുൾപ്പെടെ ചുരത്തിലെ ഈ ബുദ്ധിമുട്ടിന്റെ നേർ സാക്ഷിയാണെന്ന് എംഎല്‍എ പറഞ്ഞു.
വർഷങ്ങൾക്കു മുൻപ് വലിയ ചരക്കു വാഹനങ്ങളുടെ യാത്രയ്ക്ക് ചുരത്തിൽ സമയ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും അധികൃതരുടെ അലംഭാവം കാരണം തുടക്കത്തിൽ തന്നെ പാളിയെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. സഞ്ചാരികൾ എത്തുന്ന വാഹനങ്ങൾ ചുരം വ്യൂ പോയിന്റിൽ നിർത്തിയിടുന്നതും ഗതാഗത തടസ്സത്തിലുള്ള മറ്റൊരു കാരണമാണെന്ന് ടി സിദ്ദിഖ് എംഎല്‍എ ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം