രാത്രി കണ്ടപ്പോൾ പറഞ്ഞത് ജോലി കോഴിഫാമിലെന്ന്, പിന്നാലെ പള്ളിയിൽ മോഷണം; മണിക്കൂറുകൾക്കകം പ്രതിയെ പൊക്കി പൊലീസ്

By Web TeamFirst Published Oct 4, 2024, 1:49 PM IST
Highlights

മോഷണം നടന്നതറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് രാത്രി വിട്ടയച്ചയാളെ സംശയമുണ്ടായി. തുടർന്ന് പ്രദേശത്തെ പത്തോളം കോഴിഫാമുകളിൽ പരിശോധന നടത്തി. എവിടെയും ഇങ്ങനെ ഒരാൾ എത്തിയിട്ടില്ല.

മലപ്പുറം: കാളികാവിൽ പള്ളിയുടെ ജനൽ പൊളിച്ച് മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം വലയിലാക്കി പൊലീസ്. അസം സ്വദേശിയായ മൻജിൽ ഇസ്ലാം (27) ആണ് പിടിയിലായത്. പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. രണ്ടായിരത്തോളം രൂപയാണ് മോഷണം പോയത്. കാളികാവ് വെന്തോടൻപടി മസ്ജിദിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. നഷ്ടപ്പെട്ട തുക പ്രതിയിൽ നിന്ന് കണ്ടെടുത്തു. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത്  ജനലിന്‍റെ ഗ്ലാസ് പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്.

രാത്രി ഒമ്പതിന് പള്ളി പൂട്ടിപ്പോയ ശേഷമായിരുന്നു മോഷണം. പ്രഭാത നമസ്‌കാരത്തിനെത്തിയ ഇമാമാണ് മോഷണം നടന്നതായി കണ്ടത്. ഉടനെ കാളികാവ് പൊലീസിനെ വിവരമറിയിച്ചു. എസ്.ഐ വി ശശിധരൻറെ നേതൃത്വത്തിൽ ഉടൻ പൊലീസ് പള്ളിയിലെത്തി. രാത്രി പരിശോധനയാണ് മോഷ്ടാവിനെ പിടികൂടാൻ പൊലീസിന് സഹായകമായത്. ഒരു മണിക്കൂറിനുള്ളിലാണ് മോഷ്ടാവിനെ വലയിലാക്കിയത്.

Latest Videos

ബുധനാഴ്ച രാത്രി ഇതേ പൊലീസ് സംഘം പരിശോധനക്കിടെ സംശയാസ്പദമായി കണ്ട മൻജിൽ ഇസ്‌ലാമിനെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. അസമിൽ നിന്നാണ് വരുന്നെന്നും ഷൊർണൂരിൽ ട്രെയിൻ ഇറങ്ങി വരുകയാണെന്നും പൂങ്ങോടുള്ള കോഴിഫാമിൽ ജോലി ചെയ്യുന്നയാളാണെന്നും പറഞ്ഞതിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് അയാളെ വിട്ടത്.

മോഷണം നടന്നതറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് രാത്രി വിട്ടയച്ചയാളെ സംശയമുണ്ടായി. തുടർന്ന് പ്രദേശത്തെ പത്തോളം കോഴിഫാമുകളിൽ പരിശോധന നടത്തി. എവിടെയും ഇങ്ങനെ ഒരാൾ എത്തിയിട്ടില്ല. പിന്നീടുള്ള അന്വേഷണം ഇയാളെ തേടിയായി. തുടർന്ന് കാളികാവ് പുറ്റമണ്ണയിലെ കടവരാന്തയിൽ ആൾക്കൂട്ടത്തിൽ പ്രതി നിൽക്കുന്നതായി പൊലീസിൻറെ ശ്രദ്ധയിൽപെട്ടു. തുടർന്ന് നടന്ന ചോദ്യംചെയ്യലിലാണ് മോഷണം നടത്തിയത് പ്രതി സമ്മതിച്ചത്. 

പ്രദേശത്തെ ചില പള്ളികളിൽ നേരത്തേ മോഷണം നടന്നിരുന്നു. ഇതിലൊന്നും ഇയാൾക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. കാളികാവ് സി.ഐ വി അനീഷിൻറെ നിർദേശപ്രകാരം എസ്ഐമാരായ വി ശശിധരൻ, ഇല്ലിക്കൽ അൻവർ സാദത്ത്, എസ്സിപിഒ ക്ലിൻറ് ജേക്കബ്, സിപിഒമാരായ വി ബാബു, എം കെ മഹേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.

തട്ടിപ്പുകോൾ അധ്യാപികയുടെ ജീവനെടുത്തു, പൊലീസ് ചമഞ്ഞ് വിളിച്ചയാൾ പറഞ്ഞത് മകളെ കുറിച്ച്, പിന്നാലെ ഹൃദയാഘാതം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!