ചെക്ക്പോസ്റ്റിലെ എക്‌സൈസ് സസ്‌പെൻഷൻ: തെളിവില്ലെന്ന് നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥൻ, 'ട്രിബ്യൂണലിനെ സമീപിക്കും'

By Vijayan Tirur  |  First Published Dec 29, 2022, 9:18 PM IST

ഈ കേസില്‍ ആരോപണ വിധേയരായ ഒരാളോട് പോലും അന്വേഷണത്തിന്‍റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥര്‍ സംസാരിച്ചിട്ടില്ലെന്നും സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ആരുടെ പരാതിയെന്ന് പോലും കാണിച്ചിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥന്‍റെ പരാതി


കല്‍പ്പറ്റ: വയനാട് മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്റ്റില്‍ പിടികൂടിയ സ്വര്‍ണ്ണം തിരികെ നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തെ തുടര്‍ന്ന് അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഷനിലായിരുന്നു. ഇപ്പോൾ സസ്പെൻഷൻ നടപടിയിലും കൈക്കൂലി ആരോപണത്തിലും പ്രതികരണവുമായി നടപടിക്ക് വിധേയനായ എക്സൈസ് ഇന്‍സ്പെക്ടര്‍ പി എ ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. ജോയിന്‍റ് എക്‌സൈസ് ഇന്റലിജന്‍സ് ഓഫീസറുടെ നടപടി നീതികരിക്കാന്‍ കഴിയാത്തതാണെന്നും വേണ്ടത്ര അന്വേഷണം നടത്താതെയും തെളിവുകള്‍ പരിശോധിക്കാതെയും എടുത്ത നടപടിയാണ് സസ്പെൻഷനെന്നുമാണ് ഈ ഉദ്യോഗസ്ഥൻ പറയുന്നത്. സസ്പെൻഷൻ നടപടിക്കെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുമെന്നും ഇന്‍സ്‌പെക്ടര്‍ പി എ. ജോസഫ് ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

താനടക്കം അഞ്ച് പേര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. എന്നാല്‍ ഈ കേസില്‍ ആരോപണ വിധേയരായ ഒരാളോട് പോലും അന്വേഷണത്തിന്‍റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥര്‍ സംസാരിച്ചിട്ടില്ല. സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ആരുടെ പരാതിയെന്നോ ഏത് തരം വാഹനത്തില്‍ കടത്തിയെന്നോ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. കടത്തിയ സ്വര്‍ണം ആഭരണമായിരുന്നോ, കട്ടിയായിരുന്നോ എന്ന തരത്തിലുള്ള വിശദീകരണങ്ങളുമില്ല. ഒരു കിലോ കടത്തുസ്വര്‍ണത്തില്‍ നിന്ന് 250 ഗ്രാം സ്വര്‍ണം വിട്ടുനല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. മുത്തങ്ങ ചെക്‌പോസ്റ്റിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സ്വര്‍ണം പിടിച്ചെടുത്ത ദിവസത്തിലും തുടര്‍ന്നും നടന്ന സംഭവങ്ങള്‍ വ്യക്തത വരുമെന്നിരിക്കെയാണ് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ച് തങ്ങളെ കുറ്റക്കാരാക്കി ചിത്രീകരിച്ചിരിക്കുന്നതെന്നും ജോസഫ് പറഞ്ഞു. സംഭവങ്ങളുടെ നിജസ്ഥിതി കാണിച്ച് എക്‌സൈസ് കമ്മീഷണര്‍ക്ക് വിശദമായ കത്ത് നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest Videos

undefined

മുത്തങ്ങ ചെക്ക്പോസ്റ്റിൽ കൈക്കൂലി ആരോപണം: അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‍പെന്‍ഷന്‍

പി എ ജോസഫിന് പുറമെ പ്രിവന്റീവ് ഓഫീസര്‍മാരായ ചന്തു, ജോണി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശശികുമാര്‍, പ്രമോദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുകൊണ്ട് എക്സൈസ് കമ്മീഷണര്‍ ഉത്തരവിറക്കിയത്. കര്‍ണാടകയില്‍ നിന്നും കണ്ണൂരിലേക്ക് മുത്തങ്ങ വഴി കൊണ്ടുവന്ന രേഖകളില്ലാത്ത ഒരു കിലോ സ്വര്‍ണ്ണം പിടികൂടിയതുമായി ബന്ധപ്പെട്ടാണ് നടപടി. ആദ്യം 750 ഗ്രാം വിട്ടുകൊടുക്കുകയും പിന്നീട് ശേഷിക്കുന്ന സ്വര്‍ണ്ണം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയും നിലനില്‍ക്കുന്നത്. ആരോപണമുയര്‍ന്ന ഉടന്‍ തന്നെ ഉദ്യോഗസ്ഥരെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് എക്സൈസ് ഇന്റലിജന്‍സ് അന്വേഷണം നടത്തി. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പലരില്‍ നിന്നായി പരാതികള്‍ ലഭിച്ചിരുന്നു.  പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് കമ്മീഷണറാണ് നടപടിയെടുത്തത്.

click me!