കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

By Web Desk  |  First Published Jan 8, 2025, 4:20 AM IST

വൈദ്യ പരിശോധനക്കെത്തിച്ചപ്പോഴാണ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്.


തിരുവനന്തപുരം: പേരൂർക്കട താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ഇനിയും കണ്ടെത്താനായില്ല. നിരവധി പിടിച്ചുപറി, മാല മോഷണക്കേസിലെ പ്രതിയായ അനൂപ് ആന്റണിയാണ് (32) വൈദ്യ പരിശോധനക്കെത്തിച്ചപ്പോൾ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഒരു കേസുമായി ബന്ധപ്പെട്ട് പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ വാങ്ങി വൈദ്യ പരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ടത്.

കൈവിലങ്ങുകളുമായി രക്ഷപ്പെട്ട പ്രതിയെ രാത്രി വൈകിയും പിടികൂടാനായിട്ടില്ല. നഗരത്തിലുടനീളം പൊലീസ് അന്വേഷണം ഊർജതമാക്കിയിരിക്കുകയാണ്. അമ്പലമുക്ക് ഭാഗത്തേക്കാണ് പ്രതി രക്ഷപ്പെട്ട് ഓടിയതെന്നാണ് വിവരമെന്നതിനാൽ ആ പ്രദേശത്ത് പൊലീസ് നിരീക്ഷണം തുടരുകയാണ്. വിലങ്ങ് കയ്യിലുള്ളതിനാല്‍ തന്നെ പ്രതിക്ക് അധികം മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരൂര്‍ക്കട പൊലീസിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. ബൈക്കിൽ എത്തി മാല മോഷ്ടിച്ച് കടന്നു കളയുന്ന ഇയാൾക്കെതിരെ നഗരത്തിലെ നിരവധി സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Latest Videos

READ MORE: പരാതി നൽകുന്നവരുടെ വീട്ടിൽ അന്ന് രാത്രി തന്നെ കയറി മോഷ്ടിക്കും; ഒടുവിൽ ചുമടുതാങ്ങി തിരുട്ടു സംഘം പിടിയിൽ

click me!