കനത്ത കാലവർഷത്തെ അതിജീവിച്ച് കൃഷിയിറക്കി; അഞ്ചേക്കറിൽ നൂറുമേനി കൊയ്ത് ദമ്പതികൾ

By Web Team  |  First Published Oct 17, 2024, 4:18 PM IST

ജോബി ഇൻസ്ട്രുമെന്റേഷണിൽ ഡിപ്ലോമ ബിരുദധാരിയാണ്. ഭാര്യ അനു ആകട്ടെ ബിടെക് പൂർത്തിയാക്കി ചേർത്തല നഗരസഭയിൽ വ്യവസായ ഇന്റേൺ ആയി ജോലി നോക്കുന്നു.


ആലപ്പുഴ: നെൽകൃഷി സാങ്കേതിക വിദ്യാഭ്യാസക്കാർക്കും വഴങ്ങുമെന്ന് കാണിച്ചു കൊടുക്കുകയാണ് ജോബിയും ഭാര്യ അനു ജോർജും. കഞ്ഞിക്കുഴി കരിക്കുഴി പാടശേഖരത്തിലെ അഞ്ചേക്കറിലാണ് പൂർണ്ണമായും യന്ത്ര സാമഗ്രികളുടെ സഹായത്തോടെ ഇവർ നെൽകൃഷി നടത്തിയത്. നിലമൊരുക്കുന്നതു മുതൽ ഞാറു നടീലും വളപ്രയോഗവും കളനശീകരണവുമൊക്കെ ആധുനിക യന്ത്രങ്ങളാണ് ചെയ്തത്. 

കണിച്ചുകുളങ്ങര കന്നിമേൽ വീട്ടിൽ ജോബിയും ഭാര്യ അനു ജോർജും ചേർന്നാണ് കൃഷിയിറക്കിയത്. ജോബി ഇൻസ്ട്രുമെന്റേഷണിൽ ഡിപ്ലോമ ബിരുദധാരിയാണ്. ഭാര്യ അനു ആകട്ടെ ബിടെക് പൂർത്തിയാക്കി ചേർത്തല നഗരസഭയിൽ വ്യവസായ ഇന്റേൺ ആയി ജോലി നോക്കുന്നു. രണ്ടു പേർക്കും ഏറെ ഇഷ്ടം കൃഷിയാണ്. പലയിടങ്ങളിലും പാട്ടത്തിന് സ്ഥലമെടുത്താണ് കൃഷി. പാടശേഖരത്ത് കൃഷി പണികൾ നടക്കുമ്പോഴെല്ലാം ഇരുവരുമുണ്ടാകും. 

Latest Videos

അത്രമേൽ ഇഷ്ടമാണ് ഇവർക്ക് കൃഷിയോട്. വിദ്യാർത്ഥികളായ രണ്ടു മക്കളേയും പലപ്പോഴും കൃഷിയിടങ്ങളിൽ ഒപ്പം കൂട്ടാറുണ്ട്. കനത്ത കാലവർഷത്തെ അതിജീവിച്ചാണ് ഇത്തവണ ഇവിടെ കൃഷിയിറക്കിയത്.  വെള്ളം നിറഞ്ഞപ്പോൾ മോട്ടോർ ഉപയോഗിച്ചാണ് പാടത്ത് വെള്ളം വറ്റിച്ച് ഞാറിനെ സംരക്ഷിച്ചത്. നൂറു മേനി വിളവാണ് ഇത്തവണ ഇവർക്ക് ലഭിച്ചത്. ഉമ ഇനത്തിലുള്ള നെൽ വിത്താണ് ഉപയോഗിച്ചത്. വിളവെടുപ്പ് സ്വന്തമായി വാങ്ങിയ കൊയ്ത്ത് യന്ത്രം ഉപയോഗിച്ചായപ്പോൾ ഇരട്ടിമധുരമാണിവർക്ക്.

വിളവെടുപ്പുദ്ഘാടനം പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയനും വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാറും നിർവഹിച്ചു. പഞ്ചായത്തംഗം രജനി രവി പാലൻ, സ്ഥിരം സമിതി അദ്ധ്യക്ഷ എസ് ജ്യോതി മോൾ, കൃഷി ഓഫീസർ റോസ്മി ജോർജ്, അസിസ്റ്റന്റ് ഓഫീസർ എസ് ഡി അനില, സന്ദീപ്, കർമ്മസേന കൺവീനർ ജി ഉദയപ്പൻ, പാടശേഖര സമിതി ഭാരവാഹികളായ സി കെ മനോഹരൻ, സി പുഷ്പജൻ, കർഷകൻ ജോബി, ഭാര്യ അനു ജോർജ് എന്നിവർ പങ്കെടുത്തു. കഞ്ഞിക്കുഴി പഞ്ചായത്തും കൃഷിഭവനും കാർഷികവൃത്തിക്ക് ഇവർക്ക് കൂട്ടായുണ്ട്. പഞ്ചായത്ത് സൗജന്യമായാണ് നെൽ വിത്ത് നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!