സൂര്യകാന്തിശോഭയിൽ വയനാടൻ വയലുകൾ; സന്ദർശകരുടെ ഒഴുക്ക്, വരൾച്ചയില്‍ യോജിച്ച കൃഷിയെന്ന് കർഷകർ

By Vijayan Tirur  |  First Published Apr 23, 2023, 2:43 PM IST

കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേത് പോലെ വയനാട്ടിലും സൂര്യകാന്തി കൃഷി വിജയിപ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവകര്‍ഷകന്‍. ചെറുമാട് പാടശേഖരത്തിലെ ഒരേക്കര്‍ വയലില്‍ വിരിഞ്ഞ പൂക്കള്‍ കാണാന്‍ ജില്ലക്ക് പുറത്തുനിന്നുപോലും കാഴ്ച്ചക്കാര്‍ എത്തുന്നുണ്ട്.


സുല്‍ത്താന്‍ബത്തേരി: നഗരത്തിന്റെ തിരക്കുകള്‍ പിന്നിട്ട് പാട്ടവയല്‍-ഊട്ടി റോഡില്‍ സഞ്ചരിച്ചാല്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള നമ്പിക്കൊല്ലിയെന്ന ചെറിയ ടൗണിലെത്താം. ഇവിടെ നിന്ന് വലതുവശത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞ് അല്‍പ്പദൂരം പോയാല്‍ കഴമ്പ് ചെറുമാട് പാടശേഖരത്തിലേക്ക് എത്താനാകും. ഇവിടെയാണ് സുരേഷ് എന്ന കര്‍ഷകന്റെ സൂര്യകാന്തിപാടം വിസ്മയം തീര്‍ക്കുന്നത്. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേത് പോലെ വയനാട്ടിലും സൂര്യകാന്തി കൃഷി വിജയിപ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവകര്‍ഷകന്‍. ചെറുമാട് പാടശേഖരത്തിലെ ഒരേക്കര്‍ വയലില്‍ വിരിഞ്ഞ പൂക്കള്‍ കാണാന്‍ ജില്ലക്ക് പുറത്തുനിന്നുപോലും കാഴ്ച്ചക്കാര്‍ എത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം പരീക്ഷണടിസ്ഥാനത്തില്‍ ആരംഭിച്ച കൃഷി ഇത്തവണ വിപുലമാക്കുകയായിരുന്നു. ഒരേക്കര്‍ വയലില്‍ മൂന്ന് ഘട്ടങ്ങളിലായി രണ്ട് തരം വിത്ത് പാകിയാണ് പൂപാടം തീര്‍ത്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ നട്ട വിത്തുകള്‍ വലിയ ചെടിയായി പൂക്കള്‍ പൂര്‍ണമായി വിരിഞ്ഞതോടെ തന്റെയും കുടുംബത്തിന്റെയും അദ്ധ്വാനം വെറുതെയായില്ലെന്ന സന്തോഷത്തിലാണ് സുരേഷ്. വലിയ പൂക്കളുടെ വിത്തുകളാണ് ആദ്യഘട്ടത്തില്‍ നട്ടത്. ഇടത്തിങ്ങി വളര്‍ന്ന വലിയ ചെടികളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന പൂക്കള്‍ കാണാന്‍ സദാസമയവും തിരക്കാണെന്ന് മോഹനന്‍ പറഞ്ഞു. 

Latest Videos

undefined

കിലോക്ക് 1500 രൂപ മുടക്കി കര്‍ണാടകയില്‍ നിന്നാണ് സൂര്യകാന്തി വിത്തുകള്‍ എത്തിച്ചത്. നാല് കിലോ വിത്താണ് ഒരേക്കറിലേക്ക് വേണ്ടിവന്നത്. വിളവെടുത്താല്‍ വിത്തുകകള്‍ കര്‍ണാടകയില്‍ തന്നെ വില്‍പ്പന നടത്താന്‍ കഴിയുമെന്ന് സുരേഷ് പറയുന്നു. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഇത്തവണ വയനാട്ടില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. വേനല്‍മഴ കുറഞ്ഞതും വര്‍ധിച്ച ചൂടും കാരണം മറ്റു കൃഷികള്‍ നടക്കില്ലെന്ന് കണ്ടതോടെയാണ് സുരേഷേ സൂര്യകാന്തികൃഷിയിലേക്ക് എത്താന്‍ കാരണമായത്. ഇപ്പോള്‍ പൂക്കളെ കാണാനും തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാനും നിരവധി പേരാണ് കഴമ്പിലെ പാടത്തേക്ക് എത്തുന്നത്. 

മുമ്പ് ഗുണ്ടല്‍പേട്ടില്‍ മാത്രം കാണാന്‍ കഴിഞ്ഞിരുന്ന പൂവസന്തം വയനാട്ടിലും കാണാനായതിന്റെ സന്തോഷത്തിലായിരുന്നു കാഴ്ച്ചക്കാരെല്ലാം. വയനാടിനോട് അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കൃഷിയിറക്കുന്നത് പോലെ ഏകദേശം അതേ കാലാവസ്ഥയിലുള്ള വയനാട്ടില്‍ എന്ത് കൊണ്ട് സൂര്യകാന്തി കൃഷി വിജയിക്കില്ലെന്ന ചിന്തയില്‍ നിന്നാണ് ഇത്രയും വിപുലമായി കൃഷി ചെയ്യുന്നതിലേക്ക് എത്തിയതെന്ന് സുരേഷ് പറഞ്ഞു. പ്രത്യേകിച്ച് വളമോ കീടനാശിനിയോ ഇല്ലാതെ നല്ല വിളവാണ് ലഭിച്ചതെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയലും സംഘവും സുരേഷിന്റെ സൂര്യകാന്തി തോട്ടം സന്ദർശിക്കാനായി എത്തിയിരുന്നു. വരുംവര്‍ഷങ്ങളില്‍ സൂര്യകാന്തി കൃഷി ചെയ്യുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.  

Read More : 'ജോലി ബ്യൂട്ടീഷ്യൻ, സൈഡായി മയക്കുമരുന്ന് കച്ചവടം'; കാറും, ബൈക്കുമടക്കം 4 വാഹനങ്ങളുമായി യുവാക്കൾ പിടിയിൽ

click me!