
സുൽത്താൻ ബത്തേരി: വയനാട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ വേനല്‍മഴ ഇല്ലാതാക്കിയത് കർഷകരായ കുറച്ച് സുഹൃത്തുക്കളുടെ സ്വപ്നങ്ങൾ. മഴയോടെ സൂര്യകാന്തിയും തണ്ണിമത്തനും കൃഷി ചെയ്തിരുന്ന ഇവരുടെ വിളവൊക്കെ വേനൽ മഴയിൽ നശിക്കുകയായിരുന്നു. വയനാട് വാര്യാട് സഞ്ചാരികളെയും നാട്ടുകാരെയും ആകർഷിച്ചിരുന്ന രണ്ട് കൃഷിയിടങ്ങളാണ് കർഷകർക്ക് വൻ നഷ്ടം നൽകിയത്. റോഡിന് വലത് വശത്ത് ഏക്കറ് കണക്കിനുള്ള തണ്ണിമത്തൻ കൃഷി. ഇടത് ഭാഗത്ത് മനോഹരമായ സൂര്യകാന്തി പാടം.
വിളവെടുക്കുകയും ഫാം ടൂറിസം വഴിയുള്ള വളരെ ചെറിയ ലാഭവും ഇതായിരുന്നു കൃഷി ചെയ്യുമ്പോഴുള്ള കർഷകരുടെ പ്രതീക്ഷ. സൂര്യകാന്തി പാടം കാണാൻ എത്തുന്നവർ തണ്ണിമത്തൻ വാങ്ങുന്നതും തണ്ണിമത്തൻ വാങ്ങാൻ വരുന്നവർ സൂര്യകാന്തി കാണുകയുമായിരുന്നു അവധിക്കാലത്തെ ഇവിടുത്തെ രീതി. പക്ഷെ അക്ഷരാർധത്തില്‍ എല്ലാം വെള്ളത്തിലായി. അഞ്ച് ഏക്കറില്‍ വാര്യാട്ടും ആറ് ഏക്കറില്‍ മറ്റൊരിടത്തുമാണ് ജംഷീറും ജാഷിദും തണ്ണിമത്തൻ കൃഷി ചെയ്തത്. കടം വാങ്ങിയ പന്ത്രണ്ട് ലക്ഷത്തോളം ചെലവാക്കിയായിരുന്നു കൃഷി. ഇരട്ടിയെങ്കിലും ലാഭം കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് വേനൽ മഴ വില്ലനായത്. സമാനമായി പ്രഭാകരനും ബേബിയും ചെണ്ടുമല്ലിയും സൂര്യകാന്തിയുമാണ് കൃഷി ചെയ്തത്.
ചെണ്ടുമല്ലി മുളച്ചിങ്കില്ലെങ്കിലും സൂര്യകാന്തി നന്നായി പൂവിട്ടു. ഗുണ്ടല്‍പ്പേട്ടയില്‍ സൂര്യകാന്തി പോകുന്നവർ വാര്യാട് ഇറങ്ങി ചിത്രങ്ങളെടുക്കുകയും സമയം ചെലവിടുന്നതും പതിവായി. പക്ഷെ കനത്ത മഴയില്‍ സൂര്യകാന്തി പൂവുകളെല്ലാം മങ്ങിപ്പോയിരിക്കുകയാണ്. വിത്തുകളും ഇനി ശേഖരിക്കാനാവാത്ത വിധം നശിച്ചിരിക്കുകയാണ് കഴിഞ്ഞ തവണയും ഇവരെല്ലാം ഇതേ രീതിയില്‍ ഇവിടെ തന്നെ ആയിരുന്നു കൃഷി ചെയ്തത്. അതില്‍ നിന്ന് ലാഭം കിട്ടിയതാണ് കൂടുതൽ വ്യാപകമായി കൃഷി ചെയ്യാൻ പ്രേരിപ്പിച്ചത്. എന്നാല്‍ ഇപ്പോഴത്തെ നഷ്ടം താങ്ങാനാകുന്നതിലും അധികമാണെന്നതാണ് കർഷകരുടെ വേദന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam