രോഗികളുമായി ചെയര്‍മാന് സമ്പര്‍ക്കമുണ്ടായെന്നും അതിനാല്‍ ക്വാറന്റീനില്‍ പോകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു
കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി നഗരസഭയെ പൂര്‍ണമായി അടച്ചിട്ടതിനെതിരെ പ്രതിപക്ഷം രംഗത്ത്. കഴിഞ്ഞ രണ്ടിന് നഗരസഭ പരിധിയില്‍പ്പെട്ട പൂളവയല്‍ പ്രദേശത്ത് റിസോര്‍ട്ട് ജോലിക്കെത്തിയ നാല് അതിഥിതൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നഗരസഭയുടെ എല്ലാ വാര്‍ഡുകളും അടച്ചിടാന്‍ ജില്ലാഭരണകൂടം ഉത്തരവിടുകയായിരുന്നു.
എന്നാല്‍ ഇത് അശാസ്ത്രീയമാണെന്നും എല്ലാ വാര്‍ഡുകളും നിലവില്‍ അടച്ചിടേണ്ട സ്ഥിതിവിശേഷമില്ലെന്നുമാണ് യുഡിഎഫിന്റെ വാദം. മാത്രമല്ല, രോഗികളുമായി ചെയര്‍മാന് സമ്പര്‍ക്കമുണ്ടായെന്നും അതിനാല്‍ ക്വാറന്റീനില്‍ പോകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതില്‍ ഉറച്ച് നഗരസഭക്ക് മുമ്പില്‍ റിലേ സത്യാഗ്രഹവും യുഡിഎഫ് ആരംഭിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് ഇപ്പോള്‍ ചെയര്‍മാന്‍ ടി എല്‍ സാബു രംഗത്ത് വന്നിരിക്കുന്നത്. കഴമ്പില്ലാത്ത ആരോപണങ്ങളാണ് യുഡിഎഫ്. ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നും താന്‍ ക്വാറന്റീനില്‍ പോകണമെന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് നേതാക്കളല്ലെന്നും ആരോഗ്യവകുപ്പാണെന്നുമാണ് ചെയര്‍മാന്‍ പറയുന്നത്.
undefined
ജനങ്ങളുടെ സുരക്ഷക്കാണ് നഗരസഭാ പരിധി പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണാക്കിയത്. രോഗം സ്ഥിരീകരിച്ച വാര്‍ഡില്‍ മാത്രമല്ല, എട്ടുവാര്‍ഡുകളിലും അതിഥിതൊഴിലാളികള്‍ താമസിക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച തൊഴിലാളികള്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ഒട്ടേറെ തൊഴിലാളികള്‍ വിവിധ വാര്‍ഡുകളില്‍ താമസിക്കുന്നുണ്ട്. ഏതാനും വാര്‍ഡുകളെ മാത്രം കണ്ടെയ്ന്‍മെന്റ് സോണായി നിശ്ചയിക്കുന്നത് അപകടകരമാണെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ജില്ലാഭരണകൂടം നഗരസഭയെ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയിരിക്കുന്നത്. മഹാമാരിയെ ഒറ്റക്കെട്ടായി നേരിടുന്നതിനുപകരം നിരന്തരം പ്രഹസനസമരം നടത്തി നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ചെയര്‍മാന്‍ വിമര്‍ശിച്ചു.
അതേസമയം, കൊവിഡ് 19 നിയന്ത്രണങ്ങള്‍ പാടെ ഒഴിവാക്കിയാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുമെന്ന് കഴിഞ്ഞ ദിവസം മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ കണ്ടെയിന്‍മെന്റ് സോണായ ബത്തേരി നഗരസഭക്ക് മുമ്പില്‍ പ്രതിഷേധിച്ച അതിഥി തൊഴിലാളികള്‍ക്കെതിരെ ബത്തേരി പൊലീസ് കേസെടുത്തു. ബത്തേരി നഗരസഭയെ കണ്ടെയ്ന്‍മെന്റ് സോണാക്കിയതിനെത്തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുപോകാനാവാതെ വന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ തൊഴിലാളികളാണ് ബുധനാഴ്ച രാവിലെ പ്രതിഷേധിച്ചത്. ഇവര്‍ക്ക് കോഴിക്കോട്ടുനിന്ന് ഉത്തര്‍പ്രദേശിലേക്ക് തീവണ്ടിയില്‍ പോകുന്നതിന് അനുമതി ലഭിച്ചിരുന്നതാണ്. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ നാട്ടിലേക്ക് പോകാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് ഇവര്‍ പ്രതിഷേധവുമായി എത്തിയത്