ബസ് സര്‍വ്വീസ് നിര്‍ത്തി; രാവിലെയും വൈകീട്ടും 30 കിലോമീറ്റര്‍ നടന്ന് സ്കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍

By Jansen Malikapuram  |  First Published Nov 5, 2022, 4:05 PM IST

അധ്യാപകന്‍റെ നേതൃത്വത്തില്‍ 40 പേരുടെ ഗ്രൂപ്പായാണ് വിദ്യാര്‍ഥികള്‍ നടക്കുന്നത്. 



കൂട്ടാര്‍: ബസുകള്‍ കൂട്ടത്തോടെ റൂട്ട് നിര്‍ത്തിയതോടെ 30 കീലോ മീറ്ററോളം നടന്നാണ് കൂട്ടാര്‍ എന്‍എസ്എസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പഠനത്തിനെത്തുന്നത്. രാവിലെ 6.30 തോടെ ആരംഭിക്കുന്ന നടത്തം സ്‌കൂളില്‍ എത്തിപ്പെടുന്നതിന് മുമ്പ് രണ്ട് പിരീഡ് ക്ലാസും കഴിഞ്ഞിരിക്കും. തൊഴിലാളികളുടെയും കര്‍ഷകരുടെയും മക്കളായ നിര്‍ധന വിദ്യാര്‍ഥികളാണ് ദിവസവും 30 കിലോമീറ്റര്‍ നടന്ന് സ്‌കൂളില്‍ എത്തുന്നത്. പ്ലസ് ടുവിന് പഠിക്കുന്ന കുട്ടികളാണ് നടക്കുന്നവരിലേറെയും. 

140 കിലോമീറ്റര്‍ ദൂരപരിധിയെന്ന നിയമം വന്നതോടെ നെടുങ്കണ്ടത്ത് നിന്നും കരുണാപുരം-കൂട്ടാര്‍ -കമ്പംമെട്ട് കോട്ടയം സര്‍വീസ് നടത്തിയ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിയതാണ് കുട്ടികളുടെ യാത്ര ദുരിതത്തിന് കാരണം. അന്ന് മുതലാണ് പ്രദേശത്തെ ഗ്രാമീണ മേഖലകളില്‍ നിന്നും നെടുങ്കണ്ടം, തൂക്കുപാലം എത്തി ബസ് കയറിയിരുന്ന വിദ്യാര്‍ഥികള്‍ നടന്ന് സ്‌കൂളിലേക്ക് എത്തുന്ന സാഹചര്യമുണ്ടായത്. ഇതോടെ നടന്നുപോകുന്ന വിദ്യാര്‍ഥികള്‍ തൂക്കുപാലം ടൗണിലെത്തി ചെറുസംഘങ്ങളായി 13 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലേക്ക് നടക്കും.

Latest Videos

undefined

ഇന്നലെ മുതല്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതമായ യാത്രയ്ക്ക് കൂട്ടാര്‍ എന്‍എസ്എസ് സ്‌കൂളിലെ അധ്യാപകനായ ബാബുമോനും ഒപ്പം ചേര്‍ന്നു. അധ്യാപകന്‍റെ നേതൃത്വത്തില്‍ 40 പേരുടെ ഗ്രൂപ്പായാണ് വിദ്യാര്‍ഥികള്‍ നടക്കുന്നത്. വാഹനങ്ങളില്‍ പോകണമെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഭീമമായ യാത്രച്ചിലവാണ്. യാത്ര ചിലവേറിയതോടെ കുട്ടികള്‍ തന്നെ എടുത്ത തീരുമാനമാണ് 'നടന്ന് പോകാം' എന്നത്. അങ്ങനെ നടന്ന് നടന്ന് ക്ലാസില്‍ എത്തുമ്പോഴേക്കും രണ്ട് പീരിയഡുകള്‍ കഴിഞ്ഞ് കാണും. 

നടത്തത്തിന്‍റെ ക്ഷീണം മൂലം വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുണ്ട്. യാത്രാക്ലേശം രൂക്ഷമായതോടെ പരീക്ഷകള്‍ എഴുതുന്നതും ബുദ്ധിമുട്ടായി. ചില വിദ്യാര്‍ഥികള്‍ ടിസി വാങ്ങി മറ്റ് സ്കൂളുകളിലേക്ക് മാറിത്തുടങ്ങി. രാവിലെ 8 ന് സര്‍വീസ് നടത്തിയ ബസാണ് നിന്ന് പോയത്. ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞാണ് അടുത്ത ബസ് വരുന്നത്. പിന്നെയുള്ളത് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍റെ ഒരു ബസാണ്. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സിഷന്‍ ലഭിക്കില്ല. അതിനാല്‍ ഫുള്‍ ടിക്കറ്റായ 25 രൂപ നല്‍കണം. ചിലപ്പോള്‍ ഈ ബസ് സ്റ്റോപ്പില്‍ നിര്‍ത്തുകയുമില്ല. സ്‌കൂളിന് സ്വന്തമായി 2 ബസുകളുണ്ട്. ഈ വാഹനങ്ങളിലാണ് യാത്ര ദുരിതം ഏറെയുള്ള സ്ഥലങ്ങളില്‍ നിന്നും കുട്ടികള്‍ വന്നുപോകുന്നത്. 

click me!