റോഡിന്റെ വളവിൽ ഏതോ വാഹനത്തിൽനിന്നു വീണ ഓയിൽ നീക്കം ചെയ്യാൻ അഗ്നിരക്ഷാ സേനാംഗങ്ങൾക്കൊപ്പം വിദ്യാർഥികളും
പൂച്ചാക്കല്‍: റോഡിന്റെ വളവിൽ ഏതോ വാഹനത്തിൽനിന്നു വീണ ഓയിൽ നീക്കം ചെയ്യാൻ അഗ്നിരക്ഷാ സേനാംഗങ്ങൾക്കൊപ്പം വിദ്യാർഥികളും. തൈക്കാട്ടുശ്ശേരി അടുവയിൽ മഹാദേവ വിദ്യാമന്ദിർ സ്കൂളിന്റെ മുൻവശത്തുള്ള റോഡിന്റെ വളവിലാണ് ഓയിൽ ചോർന്ന് റോഡിൽ വീണത്. വാഹനങ്ങൾ തെന്നി വീഴുന്നതായി ചേർത്തല ഫയർഫോഴ്സ് ഓഫീസിൽ ഫോൺകോൾ ലഭിച്ചതോടെ സേനാംഗങ്ങൾ അങ്ങോട്ട് എത്തുകയായിരുന്നു.
അഗ്നിരക്ഷാ സേനാംഗങ്ങൾ ഓയിൽ കഴുകി കളഞ്ഞുകൊണ്ടിരിക്കുമ്പോൾ അടുവയിൽ വിദ്യാമന്ദിർ സ്കൂളിലെ വിദ്യാർഥികളും ഒപ്പം ചേർന്നു. സ്കൂൾ വിദ്യാർഥികളുടെ നല്ല പ്രവർത്തനം സംബന്ധിച്ച് അഗ്നിരക്ഷാ സേനാംഗങ്ങളിൽ ചിലർ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് വൈറലാകുകയും ചെയ്തു.
സംഭവത്തെ കുറിച്ച് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ കുറിപ്പിങ്ങനെ...
അടുവയിൽ മഹാദേവ വിദ്യാമന്ദിർ സ്കൂളിൻ്റെ മുൻവശത്തുള്ള റോഡിൻ്റെ വളവിൽ ഏതോ വാഹനത്തിൽ നിന്നും ഓയിൽ ലീക്കായതിനെ തുടർന്ന് വാഹനങ്ങൾ തെന്നി വീഴുന്നതായി നിലയത്തിൽ കോൾ കിട്ടിയതിനെ തുടർന്ന് ഞങ്ങൾ അവിടെ ചെന്ന് ഓയിൽ കഴുകി കളഞ്ഞു കൊണ്ടിരിക്കുമ്പോൾ സഹായിക്കുന്നതിനായി ഞങ്ങളോടൊപ്പം ചേർന്ന വിദ്യാമന്ദിറിലെ കുട്ടികൾ. ഇത്രയും നല്ല കുട്ടികളേയും അതിന് ഇവരെ പ്രാപ്തരാക്കിയ അദ്ധ്യാപകർക്കും അഭിനന്ദനങ്ങൾ
Read more: വഴിക്കായി മണ്ണ് കൊടുത്ത് വര്‍ഷങ്ങൾ കാത്തിരുന്ന് സ്കറിയ പോയി, മൃതദേഹം റോഡിലെത്തിച്ചത് ചുമന്ന്!