'ഞാൻ എനിക്ക് വേണ്ടി മാത്രമല്ല അതിന് മുകളിൽ കയറിയത്', കെട്ടിടത്തിന് മുകളില്‍ കയറിയ അശ്വിനെ താഴെയിറക്കി

By Web Desk  |  First Published Jan 9, 2025, 3:03 PM IST

പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ വിദ്യാർത്ഥി അനുനയ ശ്രമത്തിനൊടുവിൽ താഴെയിറങ്ങി. 


പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ വിദ്യാർത്ഥി അനുനയ ശ്രമത്തിനൊടുവിൽ താഴെയിറങ്ങി. അഡ്മിനിസ്ട്രേറ്റർ നേരിട്ടെത്തി നൽകിയ ഉറപ്പിനൊടുവിലാണ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ അശ്വിൻ താഴെയിറങ്ങിയത്. അനധികൃതമായി ഹാജർ വെട്ടിക്കുറച്ചു എന്ന ആരോപണം പരിശോധിക്കാമെന്ന് അധിക‍ൃതർ ഉറപ്പ് നൽകി. 

ഇവര് മാസങ്ങളായി പറയുന്നത്, അം​ഗീകരിക്കാം ശരിയാക്കാം നോക്കാം. ഇത് രാഷ്ട്രീയക്കാര് ഇലക്ഷന് പറയുന്ന പരിപാടിയല്ലേ? അത് വേണ്ടല്ലോ. ഇവർ തെളിവ് സഹിതം പേപ്പറിൽ ഒപ്പിട്ട് തരികയാണെങ്കിൽ നമുക്കൊരു കുഴപ്പോമില്ല. ഞാൻ എനിക്ക് വേണ്ടി മാത്രമല്ല അതിന് മുകളിൽ കയറിയത്. എന്നെപ്പോലെ ഒരുപാട് കുട്ടികൾ ഇവിടെ പെട്ടുകിടപ്പുണ്ട്. സാമ്പത്തികം മൂലം കോടതിയിൽ കേസിന് പോകാൻ സാധിക്കാത്ത കുട്ടികളുണ്ട്. അവർക്ക് വേണ്ടി കൂടിയാണ് പോയത്.  ഇനിയിപ്പോ ഞങ്ങളെ തിരികെ കയറ്റിയാലും ഈ പ്രിൻസിപ്പൽ രാജി വെച്ചേ പറ്റൂ. ഇനിയിവര് ഞങ്ങളെ ഹരാസ് ചെയ്യില്ലെന്ന് എന്താ ഉറപ്പ്? അല്ലേലും ടാർ​ഗറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇവര് രാജി വെയ്ക്കുക. എന്നെപ്പോലെയുള്ള വിദ്യാർത്ഥികളെ തിരിച്ചെടുക്കുക. ഈ രണ്ട് കാര്യം നടന്നേ പറ്റൂ. അശ്വിൻ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ.

Latest Videos

അനധികൃതമായി ഹാജർ വെട്ടിക്കുറച്ചു എന്നാണ് അശ്വിൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ ആരോപണം. ഡിറ്റൻഷൻ നടപടി നേരിട്ട അശ്വിൻ കെട്ടിടത്തിന് മുകളിലും മറ്റു വിദ്യാർത്ഥികൾ കോളേജിലുമാണ് പ്രതിഷേധം നടത്തിയത്. ഉറപ്പ് എഴുതി നൽകണമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. അനുകൂല തീരുമാനം ഉടൻ വന്നില്ലെങ്കിൽ വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാർത്ഥി നേതാക്കളും അറിയിച്ചു.

Aslo Read: മൗണ്ട് സിയോൺ ലോ കോളേജിൽ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി; അനുനയ ശ്രമം തുടരുന്നു

click me!