വീടുവിട്ടിറങ്ങിയ വിദ്യാർത്ഥി ചെന്നുകയറിയത് കാറിൽ; ഡ്രൈവർ തന്ത്രപരമായി പൊലീസ് സ്റ്റേഷനിലെത്തിച്ചു, കഥയിങ്ങനെ

By Web Team  |  First Published Feb 28, 2023, 4:11 AM IST

 സ്‌കൂളില്‍ പോകാന്‍ മടിച്ചതിന് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ട് ഇറങ്ങിയ വിദ്യാര്‍ത്ഥിയെ നെടുങ്കണ്ടം പൊലീസ് തിരികെ വീട്ടുകാര്‍ക്ക് കൈമാറി. 
 


നെടുങ്കണ്ടം : കാറില്‍ കയറിയത് വീടുവിട്ട് ഇറങ്ങിയ വിദ്യാർഥിയാണെന്ന് മനസ്സിലാക്കിയ വാഹനഡ്രൈവര്‍ തന്ത്രപരമായി പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. സ്‌കൂളില്‍ പോകാന്‍ മടിച്ചതിന് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ട് ഇറങ്ങിയ വിദ്യാര്‍ത്ഥിയെ നെടുങ്കണ്ടം പൊലീസ് തിരികെ വീട്ടുകാര്‍ക്ക് കൈമാറി. 

വഴിമദ്ധ്യേ കാറിന് കൈകാണിച്ച് കയറിയ പയ്യനോട് കുശലാന്വേഷണങ്ങള്‍ നടത്തിയപ്പോഴാണ് വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയതാണെന്ന വസ്തുത കാറുകാരന്‍ മനസ്സിലാക്കിയത്. തമിഴ്‌നാട്ടിലുള്ള ബന്ധുവിന്റെ വീട്ടില്‍ എങ്ങനെയെങ്കിലും എത്തണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഡ്രസും എടുത്ത് പതിനഞ്ചുകാരന്‍ ഇറങ്ങിയത്. തുടര്‍ന്ന് കാറില്‍ കയറിയ വിദ്യാർത്ഥിയെ നെടുങ്കണ്ടത്ത് പൊലീസ് സ്‌റ്റേഷന് സമിപത്തെ ഒരു കടയില്‍ ഇരുത്തി ലഘുഭക്ഷണം കാറുകാരന്‍  വാങ്ങി നല്‍കുകയും  നെടുങ്കണ്ടം പൊലീസിനെ രഹസ്യമായി വിളിച്ചറിയിച്ച്  കുട്ടിയെ കൈമാറുകയായിരുന്നു.  

Latest Videos

സ്‌കൂളില്‍ പോകാന്‍ മടികാണിച്ചതിന് പിതാവ് വഴക്ക് പറഞ്ഞതോടെയാണ് വിദ്യാർത്ഥി വീട് വിട്ടിറങ്ങിയത്.  ഉടുമ്പന്‍ചോല കൂക്കലാര്‍ സ്വദേശിയുടെ മകനാണ് പിതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീട് വിട്ട് തമിഴ്‌നാട്ടിലൂള്ള ബന്ധുക്കാരുടെ അടുത്തേയ്ക്ക് പോകുവാന്‍ പുറപ്പെട്ടത്. കൈയ്യില്‍ കാശില്ലാത്തതിനാല്‍ കിട്ടിയ വാഹനത്തില്‍ കയറി പോകാമെന്ന ധാരണയിലായിരുന്നു വിദ്യാർത്ഥി. കാറുകാരന്‍ പൊലീസ് സ്‌റ്റേഷനില്‍ കൈമാറിയതോടെ വിട്ടുകാരെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കി രക്ഷിതാക്കളെ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. കുട്ടിയേയും മാതാപിക്കളേയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച്  അനുനയിപ്പിച്ച പയ്യനെ മാതാപിതാക്കള്‍ക്കൊപ്പം നെടുങ്കണ്ടം പൊലീസ് വീട്ടിലേയ്ക്ക് തിരികെ അയച്ചു.

Read Also: ക്യാമറകണ്ണുകളില്‍ പതിയുന്നില്ല; പുലികള്‍ എവിടെയെന്നറിയാതെ നെടുങ്കണ്ടത്തെ വനപാലകർ

click me!