ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പന്തുവിള 28ാം നമ്പർ അംഗൻവാടിയിലേയ്ക്ക് പേപ്പട്ടി ഓടിക്കയറുകയായിരുന്നു.
തിരുവനന്തപുരം: കിളിമാനൂർ പുളിമാത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പേപ്പട്ടിയുടെ കടിയേറ്റ് സ്കൂൾ വിദ്യാർത്ഥിയടക്കം നിരവധി പേർക്ക് പരിക്ക്. അംഗൻവാടി ആയയുടെ സമയോചിത ഇടപെടലിൽ ഏഴ് കുരുന്നുകൾ നായയുടെ കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പുളിമാത്ത് പഞ്ചായത്തിലെ ശീമവിള, പന്തുവിള പ്രദേശങ്ങളിലാണ് നിരവധി പേർക്ക് പേപ്പട്ടിയുടെ കടിയേറ്റത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പന്തുവിള 28ാം നമ്പർ അംഗൻവാടിയിലേയ്ക്ക് ഓടിക്കയറിയ നായ കുട്ടികളെ കടിക്കാൻ ശ്രമിച്ചെങ്കിലും ഹെൽപ്പർ സുമംഗല (46) തടയുകയായിരുന്നു. സമയോചിത ഇടപെടലിൽ ഏഴ് കുട്ടികൾ കടിയേൽക്കാതെ രക്ഷപ്പെട്ടു. കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനിടയിൽ സുമംഗലയ്ക്ക് നായുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.
രാവിലെ 10ന് ശീമവിള തെക്കേവിള വീട്ടിൽ എട്ട് വയസുകാരൻ ആദിദേഷിനെ പേപ്പട്ടി കടിക്കുകയായിരുന്നു. തുടർന്ന് പന്തുവിളയിൽ മിർസാ സ്റ്റോർ നടത്തുന്ന തൊളിക്കുഴി ആനന്ദൻമുക്ക് എസ്.എ മൻസിലിൽ ഷജീർ, പന്തുവിള പുത്തൻവിള വീട്ടിൽ അംബിക, പന്തുവിള മനു ഭവനിൽ ജയശ്രീ, കിളിമാനൂർ കടമുക്ക് സ്വദേശി സെയ്ദ് എന്നിവർക്കും നായുടെ ആക്രമണത്തിൽ പരിക്കേറ്റു. കടിയേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയടക്കം വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പ്രദേശത്തെ നിരവധി തെരുവുനായ്ക്കളെയും വർത്തുമൃഗങ്ങളെയും പേപ്പട്ടി കടിച്ചതിനാൽ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.