കല്ലാർ എസ്റ്റേറ്റിൽ ഗീതയെ കഴുത്തുഞെരിച്ച് കൊന്നു, 11 വർഷമായി ഭർത്താവ് ജഗന്നാഥൻ എവിടെ?

By Jansen Malikapuram  |  First Published Jul 24, 2022, 11:25 AM IST

ജഗന്നാഥനെയാണ് പോലീസ് സംശയിക്കുന്നതെന്ന് പിന്നീട് കേട്ടു. ആ കേട്ടതല്ലാതെ 11 വർഷത്തിന് ശേഷവും ജഗന്നാഥനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.


കല്ലാർ: 2011 മാർച്ച് 19, കല്ലാർ എസ്റ്റേറ്റിലെ ലയങ്ങൾ കേട്ടത് ഞെട്ടിക്കുന്ന ഒരു വാർത്തയാണ്. തങ്ങളിൽ ഒരാളായ ഗീത കൊല്ലപ്പെട്ടിരിക്കുന്നു. ഭർത്താവ് ജഗന്നാഥനെ കാണുന്നുമില്ല. ജഗന്നാഥനെയാണ് പോലീസ് സംശയിക്കുന്നതെന്ന് പിന്നീട് കേട്ടു. ആ കേട്ടതല്ലാതെ 11 വർഷത്തിന് ശേഷവും ജഗന്നാഥനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

കണ്ണൻദേവൻ കമ്പനി കല്ലാർ എസ്റ്റേറ്റിലെ പുതുക്കാട് ഡിവിഷനിലാണ് സംഭവം. അവിടെ തൊഴിലാളിയായിരുന്നു ജഗനാഥൻ. ഇയാളും ഭാര്യ ഗീത(29)യും ലയത്തിലാണ് താമസിച്ചിരുന്നത്. രണ്ട് പെൺമക്കൾ തമിഴ്നാട്ടിൽ പഠിക്കുകയായിരുന്നു. സംഭവദിവസം ഉച്ചയായിട്ടും ജഗന്നാഥനെയോ ഗീതയോ പുറത്തേക്ക് കണ്ടില്ല. ലയത്തിന്റെ വാതിൽ തുറന്നുകിടന്നു. സംശയം തോന്നിയ അയൽവാസികൾ വന്നു നോക്കുമ്പോഴാണ് ഭീതിപ്പെടുത്തുന്ന ആ കാഴ്ച കണ്ടത്. 

Latest Videos

കിടപ്പുമുറിയിലെ കട്ടിലിൽ ഭിത്തിയിലേക്ക് ചാരി മരിച്ച നിലയിലായിരുന്നു ഗീത. കഴുത്തിൽ മുറുക്കിയിരുന്ന കേബിളിന്റെ ഒരറ്റം വീടിന്റെ മേൽക്കൂരയിൽ കെട്ടിയിരിക്കുന്നു. ഭയന്ന് പോയ അയൽക്കാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി കേബിൾ മുകളിൽ കെട്ടിയതാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇത് സ്ഥിരീകരിച്ചു.

Read more: 35 വയസിലും വിവാഹമായില്ലേ, മാംഗല്യത്തിന് സായൂജ്യം പദ്ധതിയുമായി പിണറായി പഞ്ചായത്ത്

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭർത്താവ് ജഗനാഥൻ തന്നെയാണ് കൊല നടത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തി. ഇയാളെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും ബന്ധുവീടുകളിലും പലവട്ടം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പതിവായി വഴക്ക്

തമിഴ്നാട് ശങ്കരൻ കോവിൽ മലയടിക്കുരിശ് സ്വദേശിയാണ് ജഗനാഥൻ. മൂന്നാർ സ്വദേശിയായ ഗീതയെ വിവാഹം കഴിച്ച ശേഷമാണ് ഇയാൾ ഇവിടെ താമസമാരംഭിച്ചത്. ജഗന്നാഥന് പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ ഗീത ഇടയ്ക്കിടെ ഇയാളുമായി വഴക്കിടാറുണ്ടെന്ന് പൊലീസിന് മൊഴി ലഭിച്ചിരുന്നു. സ്വദേശമായ ശങ്കരൻ കോവിലിനു സമീപമുള്ള ദേവി പട്ടണം, മൂന്നാർ കോളനി എന്നിവടങ്ങളിലെ ചില സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി  പൊലീസും കണ്ടെത്തി. ഇതിൽ രണ്ടു സ്ത്രീകളെ പൊലീസ് പലതവണ ചോദ്യം ചെയ്യുകയും വീടുകൾ ആഴ്ചകളോളം നിരീക്ഷിക്കുകയും ചെയ്തങ്കിലും ഒരു തുമ്പും ലഭിച്ചില്ല. 11 വർഷത്തിനിടയിൽ പല സംഘങ്ങളും മാറി മാറി അന്വേഷണം നടത്തിയിട്ടും ജഗന്നാഥൻ മാത്രം കാണാ മറയത്ത് തുടരുകയാണ്.

Read more:'ഈ മാലകൾ മാറ്റിവെക്കൂ, ഭർത്താവിനെയും കൂട്ടി വരാം'; സ്റ്റോക്കെടുത്തപ്പോൾ ജ്വല്ലറി ഉടമക്ക് നഷ്ടം ഒമ്പത് പവൻ

click me!