ജന്മനാ കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലെങ്കിലും ഈ പതിനെട്ടുകാരന് അതൊന്നും തൻ്റെ അഭിരുചികൾക്കും ആഗ്രഹങ്ങൾക്കും ഒരിക്കലും തടസ്സമായിട്ടില്ല
തിരുവനന്തപുരം: ജന്മനാ കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലെങ്കിലും ഈ പതിനെട്ടുകാരന് അതൊന്നും തൻ്റെ അഭിരുചികൾക്കും ആഗ്രഹങ്ങൾക്കും ഒരിക്കലും തടസ്സമായിട്ടില്ല. ചിത്ര രചനയും, ബോട്ടിൽ ആർട്ടും, വെജിറ്റബിൾ പ്രിൻ്റിംഗും ഉൾപ്പടെ കലാ കായിക രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കൊല്ലം നിലമേൽ സ്വദേശി അക്ഷയ്ക്ക് വോളിബോൾ താരം ആകണം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. കുന്നുംപുറം അമ്പാടിയിൽ സുരേഷ് കുമാർ- രാജലക്ഷ്മി ദമ്പതികളുടെ മൂത്തമകനാണ് പരിമിതികളെയെയെല്ലാം മറികടന്ന് ജീവിത സ്വപ്നങ്ങളിലേക്ക് നടക്കുന്ന അക്ഷയ് സുരേഷ്.
ജന്മനാ കേൾവശക്തിയും സംസാരശേഷിയും ഇല്ലാത്ത അക്ഷയ്ക്ക് പക്ഷേ അതൊന്നും തൻ്റെ ആഗ്രഹങ്ങൾക്ക് വിലങ്ങു തടിയേ ആകുന്നില്ല. കുഞ്ഞുനാൾ മുതൽ വീടിൻ്റെ ചുമരിൽ ചിത്രങ്ങൾ കുത്തിക്കുറിച്ച അക്ഷയുടെ കലാവാസന മനസ്സിലാക്കിയ മാതാപിതാക്കൾ ആവശ്യമായ പ്രചോദനം നൽകി. മൂന്നാം ക്ലാസ് വരെ സാധാരണ കുട്ടികൾക്ക് ഒപ്പമാണ് അക്ഷയ് സ്കൂളിൽ പഠിച്ചത്. പിന്നീട് സമീപത്തെ ഒരു സ്വകാര്യ സ്കൂളുകളിലും തുടർന്ന് ആറാം ക്ലാസിൽ വാളകം സി എസ് ഐ എച്ച്എസ്എസ് ഫോർ ഡെഫ് എന്ന സ്കൂളിലും എത്തി. ഈ സ്കൂൾ ആണ് അക്ഷയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഇവിടെ വെച്ചാണ് അക്ഷയ് വെജിറ്റബിൾ പ്രിൻ്റിംഗ് എന്ന കല പഠിക്കുന്നത്. പച്ചക്കറികൾ ഓരോ രൂപങ്ങളുടെ ആകൃതിയിൽ മുറിച്ചെടുത്ത് അതിൽ ചായം പുരട്ടി തുണികളിൽ പതിച്ച് ചിത്രങ്ങൾ വരയ്ക്കുന്നത് ആണ് വെജിറ്റബിൾ പ്രിന്റിങ്.
undefined
ഈ ഇനത്തിൽ അടുപ്പിച്ച് മൂന്ന് വർഷവും സംസ്ഥാന സ്പെഷ്യൽ സ്കൂൾ ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ് അക്ഷയ് കരസ്ഥമാക്കിയിരുന്നു. വരയ്ക്കുന്ന ചിത്രങ്ങളും, ബോട്ടിൽ ആർട്ടുകളും, ക്രാഫ്റ്റ് സാധനങ്ങളും സുഹൃത്തുക്കൾക്ക് അക്ഷയ് സമ്മാനമായി നൽകും. സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മോണോ ആക്റ്റ്, നാടകം എന്നീ വിഭാഗങ്ങളിലും നിരവധി സമ്മാനങ്ങൾ അക്ഷയ്ക്ക് ലഭിച്ചിട്ടുണ്ട്. കലയ്ക്ക് പുറമെ കായിക വിഭാഗങ്ങളിലും അക്ഷയ് സമ്മാനങ്ങൾ നേടി. പങ്കെടുത്ത എല്ലാ മത്സരങ്ങളിലും അക്ഷയ്ക്ക് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവസാനം പങ്കെടുത്ത റിലേ മത്സരത്തിൽ അക്ഷയുടെ ടീം വിജയിക്കാത്തതിൽ ഏറെ വിഷമം ഉണ്ടായിരുന്നതായും അമ്മ രാജലക്ഷ്മി പറഞ്ഞു.
മാതാപിതാക്കളെകാൾ ഒൻപതാം ക്ലാസിൽ പഠിക്കുന്ന സഹോദരൻ അർജുനോടാണ് അക്ഷയ്ക്ക് കര്യങ്ങൾ ആശയവിനിമയം നടത്താൻ എളുപ്പം. അച്ഛനും അമ്മയ്ക്കും മനസ്സിലാകാത്തത് ആംഗ്യ ഭാഷയിലൂടെ അനിയൻ വഴിയാണ് അക്ഷയ് മനസ്സിലാക്കി കൊടുക്കുന്നത്. പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കിയ അക്ഷയ്ക്ക് സിവിൽ എഞ്ചിനീയർ ആകണമെന്നാണ് ആഗ്രഹം. ഇതിനായി എറണാകുളം അല്ലെങ്കിൽ കോഴിക്കോട് ജില്ലയിലെ ബധിര വിദ്യാർത്ഥികൾക്കായുള്ള പോളിടെക്നിക്ക് കോളേജുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുന്നതും കാത്തിരിക്കുകയാണ് അക്ഷയ്.
Read more; വലിയ ലക്ഷ്യവുമായി രഹ്ന ബീഗം യാത്ര തുടങ്ങുകയാണ്, കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക്!
കായിക വിനോദം ഇഷ്ടപ്പെടുന്ന അക്ഷയ്ക്ക് വോളിബോൾ താരമാകണമെന്നാണ് അതിയായ ആഗ്രഹം. എന്നാൽ ഇത്തരം കുട്ടികൾക്ക് അതിനുള്ള പരിശീലനം നൽകുന്ന വിദ്യാലയങ്ങളെ കുറിച്ചോ അവിടേക്കുള്ള സെലക്ഷനുകളെ കുറിച്ചോ അറിയാതെ ബുദ്ധിമുട്ടുകയാണ് രക്ഷകർത്താക്കൾ. ടൈൽസ് ജോലിക്കാരനായ പിതാവ് സുരേഷും, സർക്കാർ ആശുപത്രിയിലെ കരാർ ജീവനക്കാരിയായ അമ്മ രാജലക്ഷ്മിയും മകൻ്റെ ഏത് ആഗ്രഹങ്ങൾക്കും പിന്തുണയുമായി എപ്പോഴും കൂടെ ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം