2012 ലാണ് ശ്രീനാഥ് ശില്പ നിർമാണത്തിലെ പരീക്ഷണങ്ങൾ തുടങ്ങുന്നത്. മെരിലാൻഡ് സ്റ്റുഡിയോയിലെ ആർട്ട് ഡയറക്ടർ ആയിരുന്ന അപ്പൂപ്പൻ സോമശേഖരൻ നായരിൽ നിന്നാണ് ശില്പ നിർമാണത്തിന്റെ ബാലപാഠങ്ങൾ ശ്രീനാഥ് പഠിച്ചത്.
തിരുവനന്തപുരം: സ്വയം നേടിയെടുത്ത അറിവുകൾ കൊണ്ട് സിമൻ്റ് ശില്പങ്ങളും, പുട്ടി കൊണ്ടുള്ള ത്രീഡി മ്യൂറൽ ചിത്രങ്ങളും നിർമ്മിച്ച് എടുക്കുകയാണ് വെള്ളായണി കീർത്തി നഗറിൽ ഹരിശ്രീ ചോം വിളാകത്ത് വീട്ടിൽ ശക്തിധരൻ കലാവതി ദമ്പതികളുടെ ഇളയ മകൻ ശ്രീനാഥ് എസ് കെ എന്ന 29 കാരൻ. 2012 ലാണ് ശ്രീനാഥ് ശില്പ നിർമാണത്തിലെ പരീക്ഷണങ്ങൾ തുടങ്ങുന്നത്. മെരിലാൻഡ് സ്റ്റുഡിയോയിലെ ആർട്ട് ഡയറക്ടർ ആയിരുന്ന അപ്പൂപ്പൻ സോമശേഖരൻ നായരിൽ നിന്നാണ് ശില്പ നിർമാണത്തിന്റെ ബാലപാഠങ്ങൾ ശ്രീനാഥ് പഠിച്ചത്. പേപ്പറുകൾ കൊണ്ട് രൂപങ്ങളും ശില്പങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടാക്കിയായിരുന്നു തുടക്കം. പിന്നീട് അത് സിമൻറ് ശിൽപ്പങ്ങളിലേക്ക് മാറി. 2015 ആയപ്പോഴേക്കും ശിൽപ്പ നിർമ്മാണം ശ്രീനാഥ് തൻ്റെ തൊഴിലാക്കി മാറ്റി. ഈ കലയോടുള്ള താല്പര്യം ആണ് മറ്റ് ജോലികൾ ഉപേക്ഷിച്ച് ഇതിലേക്ക് തിരിയാൻ കാരണമെന്ന് ശ്രീനാഥ് ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
പല പരീക്ഷണങ്ങളും നടത്തി അതിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങൾ ശ്രീനാഥിന് മുന്നോട്ടുള്ള യാത്രയിൽ പ്രചോദനമായി. വീടുകളുടെ ചുമരുകളിൽ പുട്ടി കൊണ്ട് ചെയ്യുന്ന ഡിസൈനുകൾ എന്തുകൊണ്ട് കട്ടിയുള്ള ബോർഡുകളിൽ ചെയ്തുകൂടാ എന്ന ആശയമാണ് ശ്രീനാഥിനെ ഇതു പരീക്ഷിക്കാൻ പ്രേരിപ്പിച്ചത്. ഇതോടെ പുട്ടി ഉപയോഗിച്ച് ത്രീഡി മ്യൂറൽ രൂപങ്ങൾ ഉണ്ടാക്കി അവ ഫ്രെയിം ചെയ്യുന്ന രീതി പരീക്ഷിച്ചു നോക്കി. ഇതിന് ആവശ്യക്കാർ വന്നതോടെ ഇതിലേക്ക് ശ്രദ്ധ തിരിച്ച ശ്രീനാഥ് ഇതിനോടകം ഇത്തരത്തിൽ നൂറിലേറെ മ്യൂറൽ ചിത്രങ്ങൾ നിർമ്മിച്ചു കഴിഞ്ഞു.
undefined
ശ്രീനാഥ് പേപ്പറും വെൽവെറ്റ് തുണിയും ഉപയോഗിച്ച് നിർമ്മിച്ച മാൻ, പോത്ത്, പുലി എന്നിവയും പേപ്പർ ഉപയോഗിച്ച് നിർമ്മിച്ച മഹാത്മാഗാന്ധിയുടെ ശില്പവും കൗതുകം ഉണർത്തുന്നതാണ്. ഇപ്പോൾ ബുദ്ധൻറെ സിമൻറ് ശില്പം നിർമ്മിക്കുന്ന തിരക്കിലാണ് ശ്രീനാഥ്. ആവശ്യക്കാർക്ക് അവർ പറയുന്ന തീം അനുസരിച്ചുള്ള പുട്ടി കൊണ്ടുള്ള ത്രീഡി മ്യൂറൽ ചിത്രങ്ങൾ നിർമ്മിച്ചു നൽകിയാണ് ശ്രീനാഥ് ഇപ്പോൾ പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. നഗരത്തിലെ പല കടകളിലേക്കും വേണ്ടി ഇവ ഓർഡർ അനുസരിച്ച് നിർമ്മിച്ച് നൽകുന്നുണ്ട്. ദിവസങ്ങളോളം സമയം എടുത്താണ് പല ശില്പങ്ങളും പൂർത്തിയാക്കുന്നതെന്ന് ശ്രീനാഥ് പറയുന്നു. ആദ്യം വീട്ടുകാർക്ക് എതിർപ്പായിരുന്നുവെങ്കിലും പിന്നീട് ഇവർ പൂർണ്ണ പിന്തുണ നൽകിയെന്നും കൂട്ടായി സഹോദരൻ ഹരിനാഥ് ഒപ്പം ഉണ്ടെന്നും ശ്രീനാഥ് പറഞ്ഞു. ശില്പി കലാശാല രാമചന്ദ്രന് കീഴിൽ ക്ഷേത്ര ശിൽപ്പ നിർമ്മാണത്തിൽ കുറച്ചു കാലം ശ്രീനാഥ് ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിൽ നിന്ന് ലഭിച്ച അറിവുകൾ വീട്ടിലെത്തി വീടിൻറെ മതിലിൽ ഓരോ ശില്പങ്ങൾ നിർമ്മിച്ച് ശ്രീനാഥ് പരിശീലിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സമീപിക്കുക... https://instagram.com/prabha_arts_sk?igshid=ZDdkNTZiNTM=