അക്രമത്തിൽ സി4 കോച്ചിലെ സീറ്റ് നമ്പർ 74 നു മുന്നിലെ ചില്ലു പൊട്ടിയിട്ടുണ്ട്.
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന് നേരെ വീണ്ടും കല്ലേറ്. കണിയാപുരത്തിനും പെരുങ്ങൂഴിക്കും ഇടയിൽ വെച്ച് വൈകുന്നേരം 4.18 നാണ് ട്രെയിന് നേരെ കല്ലേറുണ്ടായത്. അക്രമത്തിൽ സി4 കോച്ചിലെ സീറ്റ് നമ്പർ 74 നു മുന്നിലെ ചില്ലു പൊട്ടിയിട്ടുണ്ട്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ട്രെയിൻ നിർത്തിയിടേണ്ട സാഹചര്യമുണ്ടായില്ല, യാത്ര തുടർന്നു.
അതേ സമയം, തൃശൂരിൽ വെച്ച് കഴിഞ്ഞ മാസം വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തിരുവനന്തപുരത്ത് നിന്ന് കാസർകോഡ് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ c2, c4 കോച്ചുകളുടെ ചില്ലുകളാണ് പൊട്ടിയത്. സംഭവത്തിൽ പ്രതിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തിരുന്നു. മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്നും ആർപിഎഫ് അറിയിച്ചിരുന്നു. മുന്‍പും വന്ദേഭാരത് ട്രെയിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.