കൊല്ലം - തേനി ദേശീയ പാതയിൽ ചാവടി ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന ഭാരത് ബെൻസ് ലോറിയുടെ പുതിയ ബാറ്ററികളാണ് മോഷണം പോയത്.
ആലപ്പുഴ: റോഡരികിൽ നിർത്തിയിടുന്ന വലിയ വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്ന സംഘം പിടിയിലായി. കൊല്ലം ശൂരനാട് നോർത്ത് വടക്കുമുറിയിൽ പ്രമോദ് ഭവനം ഭവനത്തിൽ പ്രദീപ് (43), കൊല്ലം ശൂരനാട് നോർത്ത് തെക്കേ മുറിയിൽ വലിയറക്കത്ത് കിടപ്പുര വീട്ടിൽ സമദ് (43) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
സെപ്തംബർ 9ന് പുലർച്ചെ കൊല്ലം - തേനി ദേശീയ പാതയിൽ ചാവടി ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന ഭാരത് ബെൻസ് ലോറിയുടെ പുതിയ ബാറ്ററികളാണ് മോഷണം പോയത്. ആദിക്കാട്ടുകുളങ്ങര സ്വദേശി ഷമീറിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണിത്. 40,000 രൂപ വില വരുന്ന ബാറ്ററികളാണ് വെളുപ്പിന് സ്കൂട്ടറിൽ എത്തിയ പ്രതികൾ മോഷ്ടിച്ചത്. ചക്കുവളളിയിലെ ആക്രിക്കടയിൽ പ്രതികളെ എത്തിച്ചു നടത്തിയ തെളിവെടുപ്പിൽ രണ്ടു ബാറ്ററികളും കണ്ടെടുത്തു.
പ്രതികൾ സമാനമായ രീതിയിൽ ശൂരനാട്, അടൂർ സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയതായി പൊലീസിന് സംശമുണ്ട്. സി സി ടിവി ഇല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്ത വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ മോഷണം നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നൂറനാട് സി ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ നിതീഷ്, എസ് സി പിഒമാരായ രജീഷ്, രാധാകൃഷ്ണൻ ആചാരി, ശരത്ത്, സിജു, സുന്ദരേശൻ, സി പി ഒമാരായ കലേഷ്, മനു, വിഷ്ണു, ഷമീർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വനിതാ ഹോസ്റ്റലിൽ തീപിടിത്തം; അധ്യാപിക ഉൾപ്പെടെ 2 പേർ മരിച്ചു, ദാരുണ സംഭവം മധുരയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം