ബോയ്‌സ് വിഭാഗത്തില്‍ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് കോഴിക്കോട് കൊല്ലത്തെ പരാജയപ്പെടുത്തിയത്...
കോഴിക്കോട്: കോഴിക്കോട് നടന്ന 17-ാമത് സംസ്ഥാന റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ കോഴിക്കോടും ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കൊല്ലവും ജേതാക്കളായി. ബോയ്‌സ് വിഭാഗത്തില്‍ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് കോഴിക്കോട് കൊല്ലത്തെ പരാജയപ്പെടുത്തിയത്. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ലീഗ് റൗണ്ടിലായിരുന്നു മത്സരം. കൊല്ലം ഒന്നാം സ്ഥാനവും കോഴിക്കോട് രണ്ടാം സ്ഥാനവും തൃശൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സബ്ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ എറണാകുളം ചാമ്പ്യന്മാരായി. തിരുവനന്തപുരത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ (10-1). സബ് ജൂനിയര്‍ ഗേള്‍സ് ലീഗ് റൗണ്ട് മത്സരത്തിലും എറണാകുളം ഒന്നാം സ്ഥാനത്തെത്തി. കൊല്ലം, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ടീമുകള്‍ യഥാക്രമം രണ്ടു മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പന്തീരാങ്കാവ് ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളില്‍ നടക്കുന്ന മത്സരം കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.
റോള്‍ ബോള്‍ സംസ്ഥാന മത്സരങ്ങള്‍ക്ക് ആദ്യമായാണ് കോഴിക്കോട് വേദിയായത്. കൊവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി സംസ്ഥാനത്ത് റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടന്നിരുന്നില്ല. ഏറ്റവും ഒടുവില്‍ മത്സരം നടന്നത് തിരുവനന്തപുരത്താണ്. ഒളിമ്പിക് അസോസിയയേഷന്‍ ഈയിടെ റോള്‍ ബോള്‍ മത്സരങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. അടുത്ത ഒളിമ്പിക്സില്‍ റോള്‍ ബോള്‍ മത്സര ഇനമായിരിക്കും. ഒളിമ്പിക്സ് അസോസിയേഷന്റെ അംഗീകാരം ലഭിച്ച ശേഷം നടക്കുന്ന ആദ്യ സംസ്ഥാന മീറ്റായിരുന്നു കോഴിക്കോട്ടേത്. മത്സരത്തിലെ മികച്ച താരങ്ങളെ ദേശിയ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കും.