പൊന്നടയില്‍ ഇന്ന് തറക്കല്ലിടും, കുടുംബത്തെയും ജെൻസനെയും നഷ്ടപ്പെട്ട ശ്രുതിക്ക് തണലൊരുങ്ങുന്നു 

By Web Team  |  First Published Sep 26, 2024, 10:14 AM IST

പതിനൊന്നര സെൻ്റ് ഭൂമിയിൽ 1500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിക്കുന്നത്.


കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വയനാട് പൊന്നടയിൽ വീട് ഒരുങ്ങുന്നു. തൃശൂർ , ചാലക്കുടി സ്വദേശികളാണ് ശ്രുതിക്ക് വീട് നിർമ്മിച്ചു നൽകുന്നത്. പതിനൊന്നര സെൻ്റ് ഭൂമിയിൽ 1500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിക്കുന്നത്. ഇന്ന് 11 മണിക്ക് വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടക്കും. തൃശൂർ, ചാലക്കുടി സ്വദേശികളായ ഡെനിഷ് ഡേവിസ്, ഇനോക്ക് ജോസഫ് ആൻ്റണി എന്നിവരാണ് വീടിന് സഹായം നല്‍കുന്നത്. വീട് നിർമ്മാണത്തിന് 35 ലക്ഷം രൂപയോളം ചെലവ് വരും. നിർമ്മാണം പൂർണമായും തങ്ങൾ തന്നെ വഹിക്കുമെന്നും ഡെനിഷും ഇനോക്കും പറഞ്ഞു

നേരത്തെ, വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കുന്ന പത്ത് ലക്ഷം രൂപ വീട് വെക്കാനായി എംഎല്‍എ ടി സിദ്ദിഖ് കൈമാറിയിരുന്നു. ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തില്‍ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞിരുന്നു. ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. വീടും ഇല്ലാതായി. അപകടത്തില്‍ പരിക്കേറ്റ് കല്‍പ്പറ്റയിലെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് സഹായം എത്തുന്നത്. വീട് വെച്ചു നല്‍കുമെന്നതായിരുന്നു വാഗ്ദാനം. എന്നാല്‍ ശ്രുതിയുടെ താല്‍പ്പര്യം അനുസരിച്ച് കല്‍പ്പറ്റയില്‍ തന്നെ വീട് വെക്കാനുള്ള തുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കിയത്.

Latest Videos

undefined

Read More... 'അർജുൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചവൻ; കുടുംബത്തിന് എല്ലാം പോയല്ലോ എന്നാണ് ആലോചിച്ചത്'

മുന്നോട്ട് ജീവിക്കാൻ ശ്രുതിക്ക് ജോലി കൂടി വേണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ജോലി നിലവിലെ സാഹചര്യത്തില്‍ തുടരാൻ കഴിയില്ല. അതിനാല്‍ സർക്കാർ ജോലി ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ടി സിദ്ദിഖ് പറഞ്ഞു. 

Asianet News Live

tags
click me!