ഹിമ ആവശ്യപ്പെട്ടു, 'പെര്‍ഫെക്ട് ഓകെ' എന്ന് മുഖ്യമന്ത്രി! 16 വര്‍ഷത്തിലേറെയായി വീൽചെയറിൽ, തളരാത്ത പോരാളി

By Web Team  |  First Published Dec 22, 2023, 8:20 AM IST

സ്‌പൈനൽ മസ്കുലാർ അട്രോഫി പിടിപെട്ട ഹിമ 16 വര്‍ഷത്തിലധികമായി വീല്‍ച്ചെയറിലാണ് ജീവിക്കുന്നത്. പ്രതിസന്ധികളില്‍ തളരാതെ കൃഷിയും പൂന്തോട്ട പരിപാലനവും സാമൂഹിക സേവനവുമൊക്കെയായി സജീവമായ ഹിമ മികച്ചൊരു എഴുത്തുകാരി കൂടിയാണ്.


ആറ്റിങ്ങല്‍: സംസ്ഥാനത്തെ പൊതുയിടങ്ങള്‍ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കുകയെന്നത് സര്‍ക്കാരിന്‍റെ നയമാണെന്നും ഇതിനായി ബാരിയര്‍ ഫ്രീ കേരള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സിന്റെ ഭാഗമായി ആറ്റിങ്ങലില്‍ നടന്ന പ്രഭാതയോഗ വേദിയില്‍ വീല്‍ച്ചെയറിലെത്തിയ ഹിമ മനുകുമാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലംകോട് വഞ്ചിയൂര്‍ സ്വദേശിയാണ് 41 കാരിയായ ഹിമ.

സ്‌പൈനൽ മസ്കുലാർ അട്രോഫി പിടിപെട്ട ഹിമ 16 വര്‍ഷത്തിലധികമായി വീല്‍ച്ചെയറിലാണ് ജീവിക്കുന്നത്. പ്രതിസന്ധികളില്‍ തളരാതെ കൃഷിയും പൂന്തോട്ട പരിപാലനവും സാമൂഹിക സേവനവുമൊക്കെയായി സജീവമായ ഹിമ മികച്ചൊരു എഴുത്തുകാരി കൂടിയാണ്. നവകേരള സദസിന്റെ ഭാഗമായ വാർത്താ സമ്മേളനം കഴിഞ്ഞതിന് ശേഷമാണ് മുഖ്യമന്ത്രി ഹിമയുടെ അടുത്തെത്തിയത്. കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന പുതിയ കെട്ടിടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമായിരിക്കുമെന്ന് ഉറപ്പ് നൽകി.

Latest Videos

നിലവിലുള്ള സർക്കാർ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കി ബാരിയർ ഫ്രീ കേരളമെന്ന സ്വപ്നം സർക്കാർ സാക്ഷാത്കരിക്കും. ഹിമയുടെ നിവേദനത്തിലെ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാമെന്ന് ഉറപ്പു നൽകിയാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രിമാരായ ആർ. ബിന്ദു, കെ.രാധാകൃഷ്ണൻ , കെ.എൻ ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി, ജെ ചിഞ്ചുറാണി തുടങ്ങിയവരും ഹിമയെ കാണാനെത്തിയിരുന്നു. ഭർത്താവ് മനുകുമാർ, അമ്മ ലീന, സഹോദരൻ ഹിജിത്ത് എന്നിവർക്കൊപ്പമാണ് ഹിമയെത്തിയത്.

മുഖ്യമന്ത്രിയെ നേരിൽ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും താൻ ഉന്നയിച്ച കാര്യങ്ങൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഹിമ പ്രതികരിച്ചു. അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് നാളെ സമാപനമാകും. തലസ്ഥാന ജില്ലയിലെ പര്യടനം ഇന്ന് രണ്ടാം ദിവസം ആണ്. അരുവിക്കര ,കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലാണ് ഇന്ന് മന്ത്രിസഭ എത്തുന്നത്.

ദാ കൊല്ലത്തെ വീട്ടുമുറ്റത്ത് കിടക്കുന്ന കാർ, എസ്എംഎസ് ആയി തെങ്കാശിയിൽ നിന്ന് വന്ന പണി നോക്കണേ..!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
 

click me!