കഴിഞ്ഞ ദിവസവും മനോജ് മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. എന്നാൽ അമ്മ പണം നൽകിയില്ല. പണം കിട്ടാതെ വന്നതോടെ രോഷാകുലനായ പ്രതി അമ്മയുടെ സാരിയിൽ തീകൊളുത്തുകയായിരുന്നു.
വിളപ്പിൽശാല: തിരുവനന്തപുരം വിളപ്പിൽശാലയിൽ മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ തീകൊളുത്തി കൊല്ലാൻ ശ്രമം. നൂലിയോട് സ്വദേശി മനോജാണ് അമ്മ രംഭയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് മനോജ് അമ്മയെ കൊല്ലാൻ ശ്രമിച്ചത്. സ്ഥിരമായി മനോജ് അമ്മയെ ശല്യപ്പെടുത്തി മദ്യപിക്കാൻ പണം വാങ്ങുമായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി.
മനോജിന്‍റെ കൂടെയായിരുന്നു അമ്മ രംഭയും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസവും മനോജ് മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. എന്നാൽ അമ്മ പണം നൽകിയില്ല. പണം കിട്ടാതെ വന്നതോടെ രോഷാകുലനായ പ്രതി അമ്മയുടെ സാരിയിൽ തീകൊളുത്തുകയായിരുന്നു. ബന്ധുക്കളെത്തിയാണ് രംഭയെ ആശുപത്രിയിലേക്ക് മാറ്റിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പൊലീസ് മനോജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.