'ചില്ലു പൊളിക്കേണ്ട ആവശ്യമില്ല- ഇങ്ങനെ ക്യാപ്ഷൻ കൊടുക്കാം, ലൈക്ക് വാരാം'; കുറിപ്പുമായി കെഎസ്ആർടിസി

By Web Team  |  First Published Jul 20, 2023, 3:44 PM IST

കെഎസ്ആർടിസി ബസ് പിൻഭാഗത്തെ എമർജൻസി ചില്ല് ഇല്ലാതെ യാത്ര ചെയ്യുന്ന തരത്തിലുള്ള ചിത്രം പങ്കുവച്ചുള്ള പ്രചാരണം നടക്കുകയാണ്


തിരുവനന്തപുരം: കെഎസ്ആർടിസി ബസ് പിൻഭാഗത്തെ എമർജൻസി ചില്ല് ഇല്ലാതെ യാത്ര ചെയ്യുന്ന തരത്തിലുള്ള ചിത്രം പങ്കുവച്ചുള്ള പ്രചാരണം നടക്കുകയാണ്. എന്താണ് ഇതിന് പിന്നിലെ വാസ്തവം. യാത്രക്കാരുടെ സുരക്ഷയ്ക്ക് യാതൊരു വിലയും കൽപ്പിക്കാതെയുള്ള യാത്ര എന്ന തരത്തിലാണ് തമാശ രൂപേണ ഇത് അവതരിപ്പിക്കപ്പെടുന്നത്. അതിലൊന്ന് കെഎസ്ആർടിസിയുടെ പേരിലുള്ള (KSRTC- Kerala state road transport corporation ) ഗ്രൂപ്പിൽ പങ്കുവയ്ക്കപ്പെട്ട ഒന്നാണ്. 'ചില്ലു പൊളിക്കേണ്ട ആവശ്യമില്ല' എന്നായിരുന്നു പോസ്റ്റിൽ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. എന്നാൽ ഇത്തരം പ്രചാരണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആർടിസി. ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ കെഎസ്ആർടിസിയെ തകർക്കാൻ ശ്രമിക്കരുതെന്ന് പേജിൽ പങ്കുവച്ച കുറിപ്പിൽ കെഎസ്ആർടിസി ആവശ്യപ്പെടുന്നു. 

കുറിപ്പിങ്ങനെ...

Latest Videos

'ചില്ലു പൊളിക്കേണ്ട ആവശ്യമില്ല'
ഇങ്ങനെ ക്യാപ്ഷൻ കൊടുക്കാം ...
ലൈക്കും കമന്റ്സും വാരിക്കൂട്ടാം...
വസ്തുത പിന്നീടന്വേഷിക്കാം ...
ന്താ ...ല്ലേ ..!
വീണുകിട്ടുന്ന അവസരങ്ങൾ ... പരമാവധി മുതലാക്കുക.  കെഎസ്ആർടിസിയുടെ പേരിൽത്തന്നെ സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങി അതിലൂടെ കെഎസ്ആർടിസിയെ കരിവാരിത്തേക്കുക... റീച്ചും ലൈക്കും കമന്റ്സും വാരിക്കൂട്ടുക.

എന്ന പേരിലുള്ള ഒരു അനൗദ്യോഗിക ഫേസ്ബുക്ക് പേജിൽ 19.7.2023 ൽ വന്ന പോസ്റ്റിലെ ഫോട്ടോയും ക്യാപ്ഷനുമാണ് ഇത് . കാള പെറ്റു എന്ന് കേട്ട ഉടനെ കയർ എടുത്ത ആ പോസ്റ്റ് ചെയ്ത ആനവണ്ടി പ്രേമിയുടെ ഉദ്ദേശം എന്താണെന്ന് ശരിയായ വസ്തുത അന്വേഷിച്ച് മനസ്സിലാക്കിയാൽ ഏവർക്കും ബോധ്യമാകും.

എന്തായിരുന്നു ശരിക്കും സംഭവം:

19-07-2023 ന് എറണാകുളം യൂണിറ്റിൽ നിന്നും 07.10ന് ഇൻഫോപാർക്ക് സർവ്വീസ് നടത്തുകയായിരുന്ന RAC 176 ബസ് രാജഗിരി ബസ്റ്റോപ്പിൽ വച്ച് ഗ്ലാസ് തനിയെ പൊട്ടിവീഴുന്നു. ഈ വിവരം അപ്പോൾ തന്നെ കണ്ടക്ടർ എറണാകുളം ഡിപ്പോയിലെ ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയും ബസ് എറണാകുളത്ത് എത്തിച്ച് പകരം ബസ് വാങ്ങി സർവീസ് തുടരുകയും ആണ് ഉണ്ടായത്.

Read more: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത!, 20 രൂപ മുതൽ 'എക്കണോമി മീൽ' പ്രഖ്യാപിച്ച് റെയിൽവേ, വിവരങ്ങൾ ഇങ്ങനെ...

കെഎസ്ആർടിസിയെ കുറിച്ച്  നാല്  കൊള്ളരുതായ്മ പറഞ്ഞാൽ ജനം ശ്രദ്ധിക്കും ...അതുവഴി നമുക്ക്  ലൈക്കും കമന്റ്സും നേടാം എന്ന വികല ചിന്താഗതി ഈ സ്ഥാപനത്തിന് എത്രത്തോളം ദോഷകരമായി ബാധിക്കുന്നു എന്ന് നിങ്ങൾക്കറിയില്ല. ദയവായി തെറ്റിദ്ധാരണാജനകമായ അസത്യ പ്രചരണങ്ങൾ അവസാനിപ്പിക്കൂ... 
അപേക്ഷയാണ് ....

വെറും സാധാരണക്കാരായ ജനങ്ങളുടെയും ജീവനക്കാരുടെയും ആശ്രയമാണ്, വികാരമാണ് കെഎസ്ആർടിസി... 
നശിപ്പിച്ച് ആഘോഷിക്കാതിരിക്കൂ...

click me!