കല്ലറ സാമൂഹികാരോഗ്യ കേന്ദ്രം, പാലോട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയ്ക്ക് കീഴിൽ വരുന്ന സെക്കൻഡറി പാലിയേറ്റീവ് കെയർ രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ഉൾപ്പെടുന്ന 80 ഓളം വരുന്ന സംഘമാണ് ഉല്ലാസയാത്രയിൽ ഉണ്ടായിരുന്നത്. ഇതിൽ പക്ഷാഘാതം പിടിപെട്ടവരും നട്ടെല്ലിനും കഴുത്തിനും പരിക്കുപറ്റി ശരീരം തളർന്നവരും ജന്മനാ വൈകല്യം ബാധിച്ച നടക്കാൻ കഴിയാത്ത കുട്ടികളും വരെ ഉണ്ടായിരുന്നു.
തിരുവനന്തപുരം: രോഗത്തിൻ്റെ വിഷമതകൾ മറന്ന് ആനവണ്ടിയിൽ അവർ നാട് കാണാൻ ഇറങ്ങി. ബോട്ട് യാത്രയും കടൽ കാണലും ഒക്കെയായി പ്രായഭേദമന്യേ ഒരുമിച്ച് ഉല്ലസിച്ച് അവർ വീടുകളിലേക്ക് തിരികെ മടങ്ങി. വാമനപുരം ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സെക്കൻഡറി പാലിയേറ്റീവ് കെയർ രോഗികൾക്ക് വേണ്ടിയാണ് ആനവണ്ടിയിൽ സ്നേഹ യാത്ര എന്ന പേരിൽ ഉല്ലാസ യാത്ര സംഘടിപ്പിച്ചത്.
കല്ലറ സാമൂഹികാരോഗ്യ കേന്ദ്രം, പാലോട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയ്ക്ക് കീഴിൽ വരുന്ന സെക്കൻഡറി പാലിയേറ്റീവ് കെയർ രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ഉൾപ്പെടുന്ന 80 ഓളം വരുന്ന സംഘമാണ് ഉല്ലാസയാത്രയിൽ ഉണ്ടായിരുന്നത്. ഇതിൽ പക്ഷാഘാതം പിടിപെട്ടവരും നട്ടെല്ലിനും കഴുത്തിനും പരിക്കുപറ്റി ശരീരം തളർന്നവരും ജന്മനാ വൈകല്യം ബാധിച്ച നടക്കാൻ കഴിയാത്ത കുട്ടികളും വരെ ഉണ്ടായിരുന്നു. ആംബുലൻസിൽ രാവിലെ തന്നെ വീടുകളിൽ എത്തിയ സെക്കൻഡറി പാലിയേറ്റീവ് കെയർ ജീവനക്കാർ ഓരോരുത്തരെയായി ആശുപത്രിയിൽ എത്തിച്ച് ഇവിടെ നിന്ന് ഇവരുടെ യാത്രയ്ക്കായി സജ്ജമാക്കിയ രണ്ട് കെഎസ്ആർടിസി ലോ ഫ്ളോർ ബസ്സുകളിൽ യാത്ര തിരിക്കുകയായിരുന്നു.
undefined
ബസ്സുകളുടെ ഫ്ലാഗ് ഓഫ് ഡി.കെ മുരളി എംഎൽഎ നിർവഹിച്ചു. വേളി, വെട്ടുകാട്, ശംഖുമുഖം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഇവർ യാത്ര പോയത്. സ്ട്രക്ച്ചറുകളിൽ നിന്നും വീൽ ചെയറുകളിൽ നിന്നും പലരെയും ബസ്സിലേക്ക് കേറ്റിയതും ഇറക്കിയതും പാലിയേറ്റീവ് കെയർ ജീവനക്കാർ ചുമന്നാണ്. വേളിയിൽ ഇവർക്കായി ബോട്ട് യാത്രയും വേളി പാർക്കിലെ ട്രെയിൻ യാത്രയും സംഘടിപ്പിച്ചു. ഇതിനുശേഷം വെട്ടുകാട് പള്ളിയും ശംഖുമുഖം കടലും കാണാൻ ഇവർ പോയി. വിഷമതകൾ മറന്ന് പലരും ഒരുമിച്ച് ഉല്ലസിക്കുന്നത് ഏവരെയും ആനന്ദ കണ്ണീരിലാഴ്ത്തി. ഇവർക്കൊപ്പം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോമളം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അരുണ സി ബാലൻ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും, ഡോ. അജിത, ഡോ. സജികുമാർ, ഹെൽത്ത് സൂപ്പർവൈസർ ബാലഗോപാൽ, പിആർഒ അനിൽ ഫിലിപ്പോസ്, ഫിസിയോതെറാപ്പിസ്റ്റ് സഫീർ, നേഴ്സുമാർ, ഡ്രൈവർമാർ ഉൾപ്പെടുന്ന ആരോഗ്യവകുപ്പ് സംഘവും ഉണ്ടായിരുന്നു. ഓരോ രോഗികളുടെയും ആരോഗ്യസ്ഥിതി ഡോക്ടർമാർ നിരീക്ഷിച്ചുകൊണ്ടേയിരുന്നു. രാത്രി 7 മണിയോടെയാണ് സംഘം യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്. തുടർന്ന് എല്ലാവരെയും പാലിയേറ്റീവ് കെയർ ജീവനക്കാർ തിരികെ സുരക്ഷിതമായി വീടുകളിൽ എത്തിച്ചു.
Read Also: ചുമയ്ക്ക് മരുന്നായി ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിച്ചു; ഗുരുതരാവസ്ഥയിലായ പിഞ്ചുകുഞ്ഞ് ആശുപത്രിയിൽ