ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടക തിരക്കേറിയ സമയത്ത് പതിനെട്ടാം പടിയ്ക്ക് സമീപം പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. പാമ്പിനെ പിടികൂടി കാട്ടിൽ തുറന്നുവിട്ടു
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടക തിരക്കേറിയ സമയത്ത് പതിനെട്ടാം പടിയ്ക്ക് സമീപം പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി. പതിനെട്ടാം പടിയ്ക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് പാമ്പിനെ ആദ്യം കണ്ടത്. തീര്‍ത്ഥാടകര്‍ പതിനെട്ടാം പടികയറുന്ന സ്ഥലത്താണ് പാമ്പ് എത്തിയത്. ഇതോടെ തീര്‍ത്ഥാടകര്‍ പരിഭ്രാന്തിയിലായെങ്കിലും പൊലീസിന്‍റെ അവസരോചിതമായ ഇടപെടൽ രക്ഷയായി.
തുടര്‍ന്ന് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് പാമ്പിനെ പിടികൂടി കാട്ടിൽ തുറന്നുവിട്ടു. വിഷമില്ലാത്തയിനം കാട്ടുപാമ്പാണെന്നും ആശങ്കപെടേണ്ടതില്ലെന്നും വനം വകുപ്പ് അറിയിച്ചു. പതിനെട്ടാം പടിയ്ക്ക് സമീപമുള്ള ഇരുമ്പ് വേലിക്ക് മുകളിലായിരുന്നു പാമ്പ് കിടന്നിരുന്നത്. പാമ്പിനെ തട്ടി താഴെയിട്ടശേഷം പിടികൂടുകയായിരുന്നു.
undefined
ശബരിമലയിൽ വീണ്ടും തിരക്ക്
ശബരിമലയിൽ ഇന്ന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് സ്പോട്ട് ബുക്കിങിലൂടെ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 10,000 കടന്നു. പരിധി കഴിഞ്ഞെങ്കിലും ആധാർ വാങ്ങി ബുക്കിംഗ് നടത്തി കയറ്റി തീര്‍ത്ഥാടകരെ കടത്തിവിടുന്നുണ്ട്. ഇന്ന് ശബരിമല ദർശനം നടത്തിയവരുടെ എണ്ണം വൈകിട്ടോടെ തന്നെ 70,000 കവിഞ്ഞു.
പുല്ലുമേട് വഴി മലയിറങ്ങിയവര്‍ക്ക് ദേഹാസ്വാസ്ഥ്യം
ഇതിനിടെ, പുല്ലുമേട് വഴി മലയിറങ്ങിയ രണ്ട് തീർത്ഥാടകർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. നടക്കാൻ ബുദ്ധിമുട്ടിയ ഇവരെ ഫോറസ്റ്റും എൻ.ഡി.ആർ.എഫും ചേർന്ന് സന്നിധാനത്ത് എത്തിച്ചു. ഇതിനിടെ, കൊല്ലം ജില്ലയിലെ തെൻമല ഇടമണിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പോണ്ടിച്ചേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരിക്കുന്നത്. രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചതിനെ തുടർന്ന് ലോറിക്ക് പിന്നിലെത്തിയ സ്കൂട്ടറും അപകടത്തിൽപെട്ടു. 5 പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പുനലൂർ താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. തമിഴക വെട്രി കഴകം പാർട്ടിയുടെ കൊടി കെട്ടിയ കാറാണ് അപകടത്തിൽപ്പെട്ടത്.
ശബരിമല സന്നിധാനത്ത് കണ്ടെത്തിയ പാമ്പിനെ പിടികൂടുന്ന ദൃശ്യം: