20 വർഷം മുമ്പ് ചെമ്പൈ സം​ഗീത കോളേജിലെ താരം; ഇപ്പോള്‍ ഒറ്റക്ക്, മനസിന്റെ താളം തെറ്റി ആ ഗായകന്‍ ഇവിടെയുണ്ട്...

By Web Team  |  First Published Nov 30, 2023, 11:51 AM IST

പഴയ ഫോട്ടോ കാണിച്ചപ്പോള്‍ കുഞ്ഞുങ്ങളെപ്പോലെ മനോജ് ചിരിച്ചു. ഉണര്‍ന്നെണീറ്റാലുടന്‍ പുറപ്പെട്ടുപോകാനാണ് തോന്നല്‍. പാട്ടിന്‍റെ വഴിമാത്രം പിണങ്ങിയിട്ടില്ല. തിരിച്ചു വരണം എന്നുണ്ട് മനോജിന്.


തൃശൂർ: പഠിക്കുന്ന സമയത്ത് ക്ലാസിൽ ഒരു കുട്ടി ഉണ്ടാകും. ചിലപ്പോൾ നന്നായി പാടുന്ന ഒരാൾ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും ഒരു കഴിവ് കാരണമോ ഒക്കെ നമ്മൾ ഒരു പാട് ഇഷ്ടപ്പെട്ടിട്ടുള്ള ആൾ. പഠനകാലം കഴിഞ്ഞ് പിന്നെ ജീവിതത്തിന്റെ വഴിയിൽ എവിടെ എങ്കിലും വച്ച് നമ്മൾ അയാളെ കുറിച്ച് അറിയുന്നത്, ഒരിക്കലും നമ്മൾ കേൾക്കാൻ ആഗ്രഹിക്കാത്ത രൂപത്തിൽ ആണെങ്കിലോ? അങ്ങനെ ഒരു അനുഭവത്തെ കുറിച്ച്...

ഇരുപത് കൊല്ലം മുമ്പ് പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ തിളങ്ങിനിന്ന താരം. ഒരു പാട്ടു വീഡിയോ സമൂഹ മാധ്യമം വഴി കണ്ട് പഴയ സഹപാഠിയെ കണ്ടെത്തി തരുമോ എന്ന് ശ്രീജിത്ത് കൃഷ്ണ എന്ന പാലക്കാട്ടുകാരന്‍ ചോദിച്ചു. പിന്നെ അദ്ദേഹത്തെ തേടി നടന്നു, ഒടുവിൽ ഏഷ്യാനെറ്റ് ന്യൂസ് കുന്നംകുളം ബസ് സ്റ്റാന്‍റില്‍ അലഞ്ഞു തിരിയുന്ന ആ പാട്ടുകാരനെ കണ്ടെത്തി. ആനായിക്കല്‍ സ്വദേശി മനോജെന്ന ആ അനുഗ്രഹീത ഗായകനെ. മാനസിക വെല്ലുവിളി നേരിടുന്നെങ്കിലും സ്വരസ്ഥാനം തെറ്റാതെയാണ് പാട്ടുകൾ എല്ലാം. 

Latest Videos

പൊട്ടിയ പട്ടം പോലെയാണ് മനോജിന്റെ ഇന്നത്തെ ജീവിതം. വീട്ടില്‍ സ്വസ്ഥമല്ല. ജ്യേഷ്ഠനും മാനസിക വെല്ലുവിളിയുണ്ട്. പുരപ്പുറത്തു കോണി വച്ചാണ് കയറിക്കിടക്കുന്നത്. രാവിലെ എങ്ങോട്ടെന്നില്ലാതെ പുറപ്പെട്ടു പോകും. കൂടും കൂട്ടുമില്ലാത്തവന് ആരെങ്കിലും നീട്ടുന്ന നാണയം അന്നത്തിനുതകും. പ്രിയപ്പെട്ടത് ചിലതൊക്കെയും ഓര്‍മ്മയിലുണ്ട്. വരികള്‍ മായാതെ പാടി മുഴുമിക്കും.

നാട്ടു വൈദ്യനായിരുന്നു അച്ഛന്‍. അമ്മ ടീച്ചറും. അച്ഛന്‍ നേരത്തെ പോയി. അമ്മ അടുത്തും. മക്കള്‍ രണ്ടും കരകാണാതെ പാറിപ്പോയി. ചെമ്പൈ സംഗീത കോളേജിൽ ആ കാലം ഓര്‍ത്തെടുത്തു പറയുന്നുണ്ട് മനോജ്. കൂട്ടുകാരെയും അറിയാം. പാടിയ ഓര്‍ക്കസ്ട്രകളും കൂടെപ്പാടിയവരും തെളിച്ചത്തോടെയുണ്ട്. പഴയ ഫോട്ടോ കാണിച്ചപ്പോള്‍ കുഞ്ഞുങ്ങളെപ്പോലെ മനോജ് ചിരിച്ചു. ഉണര്‍ന്നെണീറ്റാലുടന്‍ പുറപ്പെട്ടുപോകാനാണ് തോന്നല്‍. പാട്ടിന്‍റെ വഴിമാത്രം പിണങ്ങിയിട്ടില്ല. തിരിച്ചു വരണം എന്നുണ്ട് മനോജിന്.

മനോജ് കുന്നംകുളത്തുണ്ട്

ജീവിതമാണ് ഉപദ്രവിക്കരുത് പ്ലീസ്, പ്രശ്നം പറഞ്ഞുതീര്‍ക്കാം! വയനാട്ടിൽ കടയുടമയുടെ അപേക്ഷ 3-ാമതും എത്തിയ കള്ളനോട്

click me!