കാരശ്ശേരി സ്വദേശിയായ ഷൈജലിന്റെ മകള്‍ പതിനാലുകാരിയായ ഷസ പിന്നീട് രണ്ട് ദിവസം അനുഭവിക്കേണ്ടി വന്നത് കടുത്ത വേദനയാണ്.
കോഴിക്കോട്: വെറുതേ കൈയ്യില്‍ അണിഞ്ഞ മോതിരം തനിക്ക് ഇത്രയും വിനയാകുമെന്ന് ഒന്‍പതാം ക്ലാസുകാരിയായ ഷസ ബിന്ത് ഒരിക്കലും കരുതിയിരുന്നില്ല. കാരശ്ശേരി സ്വദേശിയായ ഷൈജലിന്റെ മകള്‍ പതിനാലുകാരിയായ ഷസ പിന്നീട് രണ്ട് ദിവസം അനുഭവിക്കേണ്ടി വന്നത് കടുത്ത വേദനയാണ്.
മോതിരം ഊരിയെടുക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും സാധിച്ചില്ല. വേദന സഹിക്കാനാവാതെ മുക്കത്തുള്ള ഒരു ജ്വല്ലറിയില്‍ ചെന്നെങ്കിലും അവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ക്കും മോതിരം ഊരിയെടുക്കാന്‍ സാധിച്ചില്ല. പിന്നീട് ഷസയും ഉപ്പയും കൂടി മുക്കം അഗ്നിരക്ഷാ നിലയത്തില്‍ എത്തി സഹായം തേടുകയായിരുന്നു.
സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ചെറിയ കട്ടറും സ്‌പ്രെഡറും ഉപയോഗിച്ച് നിമിഷങ്ങള്‍ കൊണ്ട് മോതിരം മുറിച്ചു മാറ്റി. രണ്ട് ദിവസം താന്‍ സഹിച്ച വേദനക്ക് അറുതി വരുത്തിയ അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞാണ് ഷസ മടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം