എം എസ് എഫിന്‍റെ മുഹ്സിൻ പി എം ആണ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലം ഗവ ആർട്സ് കോളേജിൽ റീ പോളിംഗ് പൂർത്തിയായപ്പോൾ എസ് എഫ് ഐക്ക് തിരിച്ചടി. ചെയർമാൻ സ്ഥാനാർത്ഥിയടക്കം എട്ട് ജനറൽ സീറ്റുകളിലും എസ് എഫ് ഐക്ക് പരാജയം നേരിട്ടു. ഇതോടെ കുന്നമംഗലം ഗവണ്മെൻറ് ആർട്സ് കോളേജ് യൂണിയൻ യു ഡി എസ് എഫ് ഭരിക്കും. 8 ജനറൽ സീറ്റുകൾ പിടിച്ചെടുത്താണ് യു ഡി എസ് എഫ് കോളേജ് യൂണിയൻ ഭരിക്കുക. എം എസ് എഫിന്‍റെ മുഹ്സിൻ പി എം ആണ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. എസ് എഫ് ഐ - യു ഡി എസ് എഫ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഒരു ബൂത്തിലെ ബാലറ്റുകൾ നശിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് കോടതി അനുമതിയോടെ ബൂത്ത് രണ്ടിൽ റീ പോളിംഗ് നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കെ എസ് യുവുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വാർത്ത കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍ നിയമനം റദ്ദാക്കിയതിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും എസ് എഫ് ഐയെയും വിമർശിച്ച് കെ എസ് യു നേതാന് ആന്‍ സെബാസ്റ്റ്യൻ രംഗത്തെത്തി എന്നതാണ്.
പ്രതികരണം ഇങ്ങനെ
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ടുന്ന ദിവസമാണ് ഇന്ന്. കാരണം ഉന്നത വിദ്യാഭ്യാസത്തിന്റെ ശവപ്പറമ്പാക്കി കേരളത്തെ മാറ്റാനുള്ള ഇടത് സർക്കാരിന്റെ ആസൂത്രിത നീക്കത്തിനേറ്റ ശക്തമായ തിരിച്ചടിയാണ് കണ്ണൂർ സർവകലാശാല വിസിയെ പുറത്താക്കിക്കൊണ്ടുള്ള ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം പിയുമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് യൂണിവേഴ്സിറ്റി നിയമനം തരപ്പെടുത്തികൊടുത്തതിന്റെ നന്ദി സൂചകമായിട്ടാണ് ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനർ നിയമനം നൽകിയത് എന്ന് മാലോകർക്ക് മുഴുവനുമറിയാം.
മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമടക്കം യൂണിവേഴ്സിറ്റി ചാൻസിലർ കൂടിയായ ഗവർണർക്ക് കത്ത് നൽകിയത് വഴി ഗവർണറെ സ്വാധീനിക്കാൻ ശ്രമിച്ചു. സ്വതന്ത്രമായി തീരുമാനം എടുക്കേണ്ട ഗവർണർ ബാഹ്യ പ്രേരണയുടെ അടിസ്ഥാനത്തിൽ തീരുമാനം എടുത്തു. ഇവിടെ ഗവർണറും സർക്കാരും ഒരുപോലെ പ്രതിക്കൂട്ടിലാണ്. ഒരല്പം സാമൂഹ്യ പ്രതിബദ്ധത ബാക്കിയുണ്ടെങ്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തോട് ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് മാപ്പുപറയുകയെങ്കിലും വേണം. രാജിവെക്കാനും മാത്രമുള്ള ധാർമികത ഈ മന്ത്രിസഭയിൽ ഒരാൾക്കും ഇല്ലെന്ന് പരിപൂർണ ബോധ്യമുണ്ട് മലയാളികൾക്ക്.
എസ്എഫ്ഐ എന്ന ഫ്യൂസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഇപ്പോഴെങ്കിലും പിണറായി തമ്പുരാന്റെ മുഖത്ത് നോക്കിപറയണം "രാജാവ് നഗ്നനാണ് ".