തൃശ്ശൂർ ജില്ലയിലെ സ്കൂളുകളിൽ നാളെ വിജയദിനം; സ്വർണകപ്പ് നേടിയ ടീമിന് രാവിലെ വിവിധയിടങ്ങളിൽ സ്വീകരണം

By Web Desk  |  First Published Jan 8, 2025, 10:10 PM IST

കൊരട്ടിയിലും ചാലക്കുടിയിലും പുതുക്കാടും ഒല്ലൂരും സ്വീകരണമൊരുക്കും. തുടർന്ന് ടൗൺ ഹാളിൽ സ്വീകരണ സമ്മേളനം


തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണകപ്പ് കരസ്ഥമാക്കിയ തൃശൂർ ജില്ലാ ടീമിന് വ്യാഴാഴ്ച ജില്ലയിൽ സ്വീകരണമൊരുക്കും. രാവിലെ ഒമ്പതു മണിക്ക് കൊരട്ടിയിലായിരിക്കും ആദ്യ സ്വീകരണം. തുടർന്ന് 9.45ന് ചാലക്കുടിയിലും 10.30ന് പുതുക്കാട്, 11 മണിക്ക് ഒല്ലൂർ എന്നിവിടങ്ങളിലും സ്വീകരണം നൽകും. 

രാവിലെ 11.30ന് മോഡൽ ഗേൾസ് സ്കൂൾ കേന്ദ്രീകരിച്ച് ഘോഷയാത്രയായി തൃശൂർ ടൗൺ ഹാളിലേക്ക് ജില്ലാ ടീമിനെ ആനയിക്കും. തുടർന്ന് ടൗൺ ഹാളിൽ സ്വീകരണ സമ്മേളനവും ചേരും. സ്വീകരണ കേന്ദ്രങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുക്കും. വ്യാഴാഴ്ച ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും വിജയ ദിനമായി ആചരിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിട്ടുണ്ട്.

Latest Videos

തിരുവനന്തപുരത്ത് സമാപിച്ച 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 1008 പോയിൻറുമായാണ് തൃശ്ശൂർ ഒന്നാമതെത്തിയത്. 1007 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലും 1003 പോയിന്റോടെ കണ്ണൂർ മൂന്നാമതും എത്തി. അവസാന ദിവസം നേടിയ പോയിന്റാണ് 1999 ന് ശേഷം തൃശൂരിലേക്ക് കിരീടമെത്തിച്ചത്. 171 പോയിൻറുമായി ആലത്തൂർ ഗൂരുകുലം എച്ച് എസ്എസ് ചാമ്പ്യൻ സ്കൂളായി. 116 പോയിൻറ് നേടിയ വഴുതക്കാട് കാർമൽ സ്കൂളിന് രണ്ടാം സ്ഥാനം നേടാനായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!