സംഭവത്തിന് പിന്നാലെ എൻഫോഴ്സ്മെന്‍റ് എംവിഐ സജിന്‍ വികെയുടെ നേതൃത്വത്തിലുള്ള മോട്ടോര്‍ വാഹനവകുപ്പ് സംഘം സ്കൂളിലെത്തി ബസ് പരിശോധിച്ചു.
കുന്ദംകുളം: തേഞ്ഞ് പൊട്ടാറായ ടയറുമായി പോയ സ്കൂള്‍ ബസിന്‍റെ ടയര്‍ പൊട്ടി, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. അക്കിക്കാവ് ടി.എം.വി.എച്ച്.എസ് സ്‌കൂള്‍ ബസിന്‍റെ ടയറാണ് ഓടിക്കൊണ്ടിരിക്കെ പൊട്ടിയത്. 45 ഓളം വിദ്യാര്‍ത്ഥികളുമായി പോകവെയാണ് അപകടം നടന്നത്. തേഞ്ഞ് കമ്പി പുറത്തു കണ്ട ടയറുമായാണ് ബസ് സര്‍വ്വീസ് നടത്തിയിരുന്നതെന്ന് രക്ഷിതാക്കളും നാട്ടുകാരപം ആരോപിക്കുന്നു.
ഇന്ന് രാവിലെ 9 മണിയോടെയാണ് 45 വിദ്യാർത്ഥികളുമായി അക്കികാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ തിപ്പിലശ്ശേരിയിൽ വെച്ച് സ്കൂൾ ബസിന്‍റെ ടയർ പൊട്ടിത്തെറിച്ചത്. നിയന്ത്രണം നഷ്ടമായ വാഹനം കുറച്ച് ദൂരം മുന്നോട്ടുപോയെങ്കിലും ഡ്രൈവർക്ക് നിർത്താൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വലതുഭാഗത്തുള്ള പുറകിലെ ടയറാണ് പൊട്ടിയത്. തേഞ്ഞ് നൂല് വരെ പുറത്തു കാണുന്ന രീതിയിൽ ഉപയോഗശൂന്യമായ ടയർ ഉപയോഗിച്ചാണ് ബസ് മാസങ്ങളായി സർവീസ് നടത്തിയിരുന്നത്.
സ്കൂൾ കുട്ടികളുടെ അപകട യാത്ര ചോദ്യം ചെയ്ത് നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. വാർത്ത പുറത്തു വന്നതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സെന്‍റ് എംവിഒ വി.കെ.സജിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി പരിശോധന നടത്തി. ഇവർ എത്തുന്നതിന് മുമ്പ് തന്നെ ബസിന്‍റെ പഴയ ടയർ മാറ്റി പുതിയ ടയർ ജീവനക്കാർ ഇട്ടിരുന്നു. പരിശോധനയിൽ വേഗപ്പൂട്ട് വിച്ഛേദിച്ചിരുന്നതായി കണ്ടെത്തി. ക്രമക്കേടിനെ തുടർന്ന് ബസിന്‍റെ ഫിറ്റ്നെസ് റദ്ദാക്കി. അതേസമയം വാഹനങ്ങളുടെ ഫിറ്റ്നെസ് കൃത്യമായി പരിശോധിക്കാത്തതാണ് അപകടങ്ങൾ ഉണ്ടാകാൻ കാരണമെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
Read More : തൃശൂരിൽ സ്കൂൾ ബസിന് നേരെ കല്ലേറ്; ബസിന് പിന്നിലെ ഗ്ലാസ് തകർന്നു, വിദ്യാർത്ഥികൾക്ക് പരിക്കില്ല
അതിനിടെ തൃശൂരിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് നേരെ കല്ലേറ്. ചെറുതുരുത്തി പുതുശ്ശേരി എസ് എൻ ടി ടി ഐ സ്കൂളിന്റെ ബസിന് നേരെയാണ് കല്ലേറുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നേകാലോടെ സ്കൂൾ വിട്ട് വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ല് കൊണ്ട് ബസിന്റെ പിന്നിലെ ഗ്ലാസ് തകർന്നിട്ടുണ്ട്. കല്ലെറിഞ്ഞയാളെ തിരിച്ചറിയാനായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.