ഉയര്‍ന്ന താപനില: മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന നടത്തി

By Web Team  |  First Published Mar 29, 2024, 10:18 AM IST

വരും ദിവസങ്ങളില്‍ സമാനമായ രീതിയില്‍ പരിശോധന നടത്തുമെന്നും വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍.


തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍, മാലിന്യസംഭരണ കേന്ദ്രങ്ങളില്‍ തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിനു സ്വീകരിച്ചിട്ടുളള സുരക്ഷാ മുന്‍കരുതലുകളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിന് പ്രത്യേക സംഘം സംസ്ഥാനത്തെ 96 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ തീപിടുത്തം ഉണ്ടാകുന്നത് തടയുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ പരിധിയിലുള്ള മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ഉത്തരവില്‍ പരാമര്‍ശിച്ചിരുന്ന പര്യാപ്തമായ എണ്ണം ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ സ്ഥാപിച്ചിട്ടുണ്ടോ, അപകട സാഹചര്യങ്ങളില്‍ മാലിന്യ സംഭരണ കേന്ദ്രങ്ങളിലേക്ക് അഗ്‌നിശമന വാഹനം എത്തിച്ചേരുന്നതിന് ആവശ്യമായ വഴി സൗകര്യം ലഭ്യമാക്കിയിട്ടുണ്ടോ, ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാത്ത തരത്തില്‍ വയറിങ് നടത്തിയിട്ടുണ്ടോ, ആവശ്യമായ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ടോ എന്നിവയുള്‍പ്പെടെയുള്ള  വിഷയങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കി. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വരും ദിവസങ്ങളില്‍ സമാനമായ രീതിയില്‍ പരിശോധന നടത്തുമെന്നും വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു.

Latest Videos

'മണിപ്പൂരിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി, ക്ഷുദ്ര ശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കണം'; ലത്തീൻ അതിരൂപത 
 

tags
click me!