പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് എയര്‍പോര്‍ട്ടിന്‍റെ ഭൂമിയില്‍ കൂടിയുള്ള എഴുന്നള്ളത്ത് ആചാരം സംരക്ഷിക്കാന്‍ നിങ്ങളെന്തേ മുന്നിട്ടിറങ്ങിയില്ലായെന്നായി വോട്ടര്‍.
ശബരിമല വിഷയത്തെ തെരഞ്ഞെടുപ്പ് അജണ്ടയാക്കി പ്രചാരണത്തിനിറങ്ങിയ ബിജെപി പ്രവര്‍ത്തകനെ ചോദ്യങ്ങള്‍ ചോദിച്ച് മടക്കിയയക്കുന്ന വോട്ടറുടെ വീഡിയോ വൈറലാകുന്നു. തിരുവനന്തപുരം മണ്ഡലത്തിലാണ് സംഭവം. 'ഹിന്ദുക്കളെ ദ്രോഹിച്ചില്ലേ' എന്ന പ്രവര്‍ത്തകന്‍റെ ചോദ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
ഹിന്ദുക്കളെ എന്തിനാണ് ദ്രോഹിച്ചതെന്ന് ചോദിച്ച് വോട്ടര്‍ പ്രതികരിച്ച് തുടങ്ങുന്നതോടെ മറുപടിയില്ലാതെ പ്രവര്‍ത്തകന്‍ കുഴങ്ങുകയാണ്. ആചാര സംരക്ഷിക്കാനാണെന്ന് പറഞ്ഞ് അയാള്‍ പിടിച്ച് നില്‍കാന്‍ ശ്രമിക്കുമ്പോള്‍ 'എയര്‍പോര്‍ട്ടിലെ ആറാട്ട് ആചാരം എന്തേ നിങ്ങള്‍ സംരക്ഷിച്ചില്ലാ'യെന്ന് വോട്ടര്‍ തിരിച്ച് ചോദിക്കുന്നു.
undefined
അതെന്താണെന്ന് ചോദിക്കുമ്പോള്‍ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് എയര്‍പോര്‍ട്ടിന്‍റെ ഭൂമിയില്‍ കൂടിയുള്ള എഴുന്നള്ളത്ത് ആചാരം സംരക്ഷിക്കാന്‍ നിങ്ങളെന്തേ മുന്നിട്ടിറങ്ങിയില്ലായെന്നായി വോട്ടര്‍. ഇത് സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് പ്രവര്‍ത്തകന്‍ മറുപടി പറയുമ്പോള്‍ എയര്‍പോര്‍ട്ട് സ്വകാര്യവത്ക്കരിക്കാന്‍ തീരുമാനിച്ച സമയത്ത് എന്താണ് നിങ്ങള്‍ ആചാരസംരക്ഷണത്തിന് വേണ്ടി സംസാരിക്കാത്തതെന്നായി വോട്ടര്‍.
അന്നേരം വിമാനത്താവളം അദാനിക്ക് കൊടുത്തില്ലെന്നായി ബിജെപി പ്രവര്‍ത്തകന്‍. അതിന്‍റെ ടെണ്ടര്‍ നടപടികള്‍ ഒന്നുമായില്ലെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും പ്രവര്‍ത്തകന് പറഞ്ഞപ്പോള്‍, അതിന് ഞങ്ങള്‍ ഈ ലോകത്തൊന്നുമല്ലല്ലോ ജീവിക്കുന്നതെന്നായി വോട്ടര്‍.
സംസ്ഥാന സര്‍ക്കാര്‍ ലേലം വിളിക്കാന്‍ ഉണ്ടായിരുന്നല്ലോ എന്ന് ബിജെപി പ്രവര്‍ത്തകന്‍ പറയുമ്പോള്‍ ലേലം കൊടുത്തതെങ്ങനെയാണ് ? നിങ്ങളതൊന്ന് പറയെന്നായി വോട്ടര്‍. തുടര്‍ന്ന് കൂടുതല്‍ തുക എഴുതിയയാള്‍ക്ക് ലേലം കൊള്ളാമെന്നായി പ്രവര്‍ത്തകന്‍. ഇതോടെ ലേലത്തിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതികള്‍ എന്തൊക്കെയായിരുന്നെന്നായി വോട്ടര്‍. മാത്രമല്ല എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ സംരക്ഷിക്കാത്തതെന്നും വോട്ടര്‍ തിരിച്ച് ചോദിക്കുന്നു.
ശബരിമലയിലെ കേസില്‍ ബിജെപി നേതാക്കള്‍ കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തതല്ലേയെന്നും പിന്നെ സര്‍ക്കാര്‍ കൂടെ നിന്നപ്പോള്‍ നിങ്ങളെന്തിനാണ് തിരിഞ്ഞ് നിന്നതെന്നും വോട്ടര്‍ ചോദിക്കുന്നു. തുടര്‍ന്ന് വോട്ടര്‍ ബിജെപി പ്രവര്‍ത്തകനെ വെല്ലുവിളിക്കുന്നു. ക്യാമറയുടെ മുന്നില്‍ നിന്ന് ശബരിമല വിഷയം ഇലക്ഷന്‍ വിഷയമായി ഉപയോഗിക്കുമെന്ന് പറയാന്‍ വോട്ടര്‍ പ്രവര്‍ത്തകനെ വെല്ലുവിളിക്കുന്നു.
തുടര്‍ന്ന് പ്രവര്‍ത്തകന്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് നോട്ടീസ് ഉയര്‍ത്തികാണിക്കുന്നു. ഇതോടെ കൂടെ വന്ന പ്രവര്‍ത്തകരിലൊരാള്‍ സര്‍ക്കാര്‍ കോടതിയില്‍ റിവ്യൂ ഹര്‍ജി കൊടുത്തിരുന്നല്ലോ ? എന്ന് തിരിച്ച് ചോദിക്കുന്നു. ഇതോടെ ശബരിമല വിഷയമുമായി ബന്ധപ്പെട്ട് കോടതിയിലുണ്ടായിരുന്ന മറ്റ് 129 ഹര്‍ജികളെ കുറിച്ച് വോട്ടര്‍ ചോദിക്കുന്നു. മാത്രമല്ല സര്‍ക്കാര്‍ എല്ലാവരുടെയും ആചാരവും സംരക്ഷിക്കുമെന്നും വോട്ടര്‍ പറയുന്നു. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ അവസാന ആയുധമായി പിറവം പള്ളിയില്‍ എന്തേ കോടതി വിധി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ചോദിക്കുന്നു.
ഇതോടെ പിറവം പള്ളി സര്‍ക്കാര്‍ വകയല്ലെന്നും ശബരിമലയെ കുറിച്ച് പറയുമ്പോള്‍ പിറവം പള്ളിയേക്കുറിച്ച് സംസാരിക്കേണ്ടെന്നുമായി വോട്ടര്‍. ആചാരം സംരക്ഷിക്കാനാണ് ശബരിമലയില്‍ പോയതെന്ന് പ്രവര്‍ത്തകര്‍ പറയുമ്പോള്‍ ആചാരം സംരക്ഷിക്കാന്‍ പോയവര്‍ക്ക് താടിയില്ലായിരുന്നെന്നും വോട്ടര്‍ മറുപടി പറയുന്നു. തന്‍റെ ഭാര്യയ്ക്കും പെങ്ങള്‍ക്കും ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും വോട്ടര്‍ പറയുന്നു. ഇതോടെ പ്രവര്‍ത്തകര്‍ വീടുവിട്ട് പോകുമ്പോള്‍ അരികും മൂലയും കേട്ട് സംസാരിക്കാന്‍ വരരുതെന്ന് വോട്ടറുടെ വക താക്കീതും.