പട്ടാപ്പകൽ ! കൊല്ലത്ത് യുവാവിനൊപ്പം ബൈക്കിൽ വന്നിറങ്ങി യുവതി, നൊടിയിടയിൽ 3 കാണിക്ക വഞ്ചികളുമായി കടന്നു...

By Web TeamFirst Published Feb 29, 2024, 12:57 AM IST
Highlights

മൂന്ന് കാണിക്ക വഞ്ചികളും ബാഗ് വെച്ച് മറച്ചശേഷം പള്‍സര്‍ ബൈക്കിലെത്തിയ യുവാവ് ക്ഷേത്രത്തിന് മുന്നിലെത്തി യുവതിയെ കൂട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

കൊല്ലം: കൊല്ലം പുത്തൂർ മാവടിയിൽ ബൈക്കിൽ യുവാവിനൊപ്പമെത്തിയ യുവതി പട്ടാപ്പകൽ ക്ഷേത്രത്തിൽ നിന്നും കാണിക്ക വഞ്ചികൾ മോഷ്ടിച്ചു. മോഷണത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. സംഭവത്തിൽ പുത്തൂർ പൊലീസ് അന്വഷണം തുടങ്ങി. മാവടി മഹാവിഷ്ണു ക്ഷേത്രത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു മോഷണം നടന്നത്.  മൂന്ന് കാണിക്ക വഞ്ചികളാണ് ബൈക്കിലെത്തിയ യുവാവും യുവതിയും കടത്തിക്കൊണ്ടു പോയത്. 

പൂട്ടു പൊളിച്ച് പണം എടുത്ത ശേഷം വഞ്ചികൾ ഒരു കിലോമീറ്റർ അപ്പുറമുള്ള റബർ തോട്ടത്തിൽ ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. ക്യാമറയില്‍ പതിയാതിരിക്കാന്‍ മാസ്ക് വച്ചാണ് യുവതി കവര്‍ച്ചക്കെത്തിയത്. മൂന്ന് വഞ്ചികളും ബാഗ് വെച്ച് മറച്ചശേഷം പള്‍സര്‍ ബൈക്കിലെത്തിയ യുവാവ് ക്ഷേത്രത്തിന് മുന്നിലെത്തി യുവതിയെ കൂട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

Latest Videos

തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് കവര്‍ച്ചാ വിവരം ആദ്യം അറിഞ്ഞത്. ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമാന മോഷണക്കേസുകളിൽ പ്രതികളായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Read More : വീട്ടുജോലിക്കെത്തിയ യുവതിയെ പാസ്റ്റർ പീഡിപ്പിച്ചു, കൊന്നു കളയുമെന്ന് ഭീഷണിയും; കോടതി ഇടപെട്ടതോടെ അറസ്റ്റ്

അതേസമയം മറ്റൊരു കേസിൽ ആൾ താമസമില്ലാത്ത വീടിന്റെ ഓട് പൊളിച്ച് മോഷണം നടത്തിയ   ദന്പതികൾ പിടിയിൽ. കോട്ടയം കുറവിലങ്ങാട് കാളികാവ് സ്വദേശി ജനാർദ്ദനൻ ഭാര്യ നൈസി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കുര്യനാട് ഭാഗത്ത് അടച്ചിട്ട വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന് ഗൃഹോപകരണങ്ങൾ കടത്തിക്കൊണ്ടുപോയ കോസിലാണ് അറസ്റ്റ്. പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ ജനാർദ്ദനൻ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വീഡിയോ സ്റ്റോറി

click me!