റോഡ് കയ്യേറി സ്റ്റേജ്, എസ്പി ഉദ്ഘാടനം ചെയ്ത പരിപാടിക്കെതിരെ കേസെടുക്കണമെന്ന് പരാതി, വെട്ടിലായി പൊലീസ്

By Web Desk  |  First Published Jan 5, 2025, 9:27 PM IST

പരിപാടി ഉദ്ഘാടനം ചെയ്തത് റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായൺ ഐപിഎസ് ആയിരുന്നതിനാൽ ഇതേവരെ കേസെടുക്കേണ്ടെന്ന നിലപാടിലായിരുന്നു പൊലീസ് ഉണ്ടായിരുന്നത്. എന്നാൽ പരാതി വന്നതോടെ പൊലീസ് കൺഫ്യൂഷനിൽ


തിരുവനന്തപുരം: ബാലരാമപുരം ജംഗ്‌ഷനിലെ വിഴിഞ്ഞം റോഡിലായി റോഡ് കയ്യേറി സ്റ്റേജ് കെട്ടി ഗതാഗത തടസമുണ്ടാക്കിയ സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയെത്തിയതോടെ വെട്ടിലായി പൊലീസ്. ബാലരാമപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വനിതാ ശാക്തീകരണ പരിപാടിയായ ജ്വാല വനിത ജംഗ്‌ഷന് വേണ്ടിയാണ് വെള്ളിയാഴ്ച വൈകിട്ടോടെ റോഡിൽ വേദിയൊരുക്കിയത്. ബാലരാമപുരം വിഴിഞ്ഞം റോഡിന്റെ പകുതി ഭാഗം കൈയ്യേറി സ്റ്റേജ് കെട്ടിയതിന് പുറമേ  റോഡിന് എതിർവശത്ത് നടപ്പാത വരെ കസേരകൾ ഇട്ടതോടെ കാൽ നട യാത്രക്കാരടക്കമുള്ള സകലരും കുടുങ്ങി. 

പൊതുവേ ഗതാഗതക്കുരുക്കുള്ള  ജംഗ്ഷനിൽ ഓഫീസ് -സ്കൂൾ വാഹനങ്ങളും എത്തിയതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ആഴ്ചകൾക്കു മുൻപ് സിപിഎം പാളയം ഏരിയ സമ്മേളനത്തിന്‍റെ സമാപന യോഗത്തിന് വഞ്ചിയൂരിൽ റോഡ് അടച്ച് സ്റ്റേജ് കെട്ടിയത് വിവാദമാകുകയും സിപിഎം പ്രവർത്തകർക്കെതിരെ വഞ്ചിയൂർ പൊലീസിന് കേസെടുക്കുകയും ചെയ്തിരുന്നു. സമാനമായ സംഭവം ആണ് ബാലരാമപുരം ജംഗ്ഷനിലും അരങ്ങേറിയതെങ്കിലും പരിപാടി ഉദ്ഘാടനം ചെയ്തത് റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായൺ ഐപിഎസ് ആയിരുന്നതിനാൽ തന്നെ ഇതേവരെ കേസെടുക്കേണ്ടെന്ന നിലപാടിലായിരുന്നു പൊലീസ് ഉണ്ടായിരുന്നത്. എന്നാൽ പരാതി എത്തിയതോടെ കേസെടുക്കാതെ തരമില്ലെന്ന് അവസ്ഥയിലാണ് പൊലീസുള്ളത്. പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ കുളത്തൂർ ജയ്‌സിങ് ആണ് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതി നൽകിയത്. 

Latest Videos

റോഡിന്റെ പകുതിയോളം സ്റ്റേജ്, നടപ്പാത വരെ കസേര, യാത്രക്കാരെ വെട്ടിലാക്കി 'വനിതാ ജം​ഗ്ഷൻ'; കേസെടുക്കാതെ പൊലീസ്

സംഭവം ന്യായീകരിക്കുവാനും മറയ്ക്കുവാനും നടക്കുന്ന ശ്രമങ്ങൾ കുറ്റകരമാണെന്നും പരിപാടി മാതൃകാപരമാണെങ്കിലും തിരക്കേറിയ റോഡിന്റെ ഒരു വശം പൂർണമായി കയ്യേറി സ്റ്റേജ് കെട്ടുകയും ഗതാഗത തടസമുണ്ടാക്കി സമ്മേളന പരിപാടി നടത്തിയതും തെറ്റായ നടപടിയാണെന്നും പരാതി വിശദമാക്കുന്നു. റോഡ് കയ്യേറിയും ഗതാഗത തടസ്സമുണ്ടാക്കി യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന സർക്കാർ മാനദണ്ഡങ്ങളും കോടതി നിർദ്ദേശവും ഇവിടെ ലംഘിക്കപ്പെടുകയാണ് ചെയ്തത്. പരിപാടിയുടെ സംഘാടകർക്ക് എതിരെകേസ് എടുക്കണമെന്നും അല്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ജയ്‌സിങ് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!